തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തീരശ്ശീല വീഴും. മത്സരങ്ങൾ ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക് കടക്കുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് ആര് സ്വർണ കപ്പിൽ മുത്തമിടുമെന്നാണ്. മത്സരവേദികളിലെല്ലാം പൊടിപാറും പോരാട്ടമാണ് നടക്കുന്നത്. 117 പവൻ സ്വർണക്കപ്പിന്റെ അവകാശത്തിനായി തൃശൂർ, കണ്ണൂർ ജില്ലകൾ പൊരിഞ്ഞ പോരാട്ടമാണ് നടത്തുന്നത്. 10 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 965 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. 961 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്താണ്. തൊട്ടു പിന്നിൽ 959 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും ഉണ്ട്.
കണ്ണൂർ മുൻ വർഷത്തെ ചാമ്പ്യന്മാരാണ്. കോഴിക്കോടും പാലക്കാടുമായിരുന്നു രണ്ടും മൂന്നും സ്ഥാനത്ത്. ആകെയുള്ള 249 ഇനങ്ങളിൽ പത്ത് മത്സരം മാത്രമാണ് പൂർത്തിയാകാനുള്ളത്. ചൊവ്വാഴ്ച ഉച്ചയോടെ ഇരുന്നൂറിലേറെ ഇനങ്ങളിൽ മത്സരം പൂർത്തിയായി. സമാപന ദിവസമായ ഇന്ന് പകൽ രണ്ടോടെ മത്സരങ്ങൾ പൂർത്തിയാകും. നാലിന് സ്വർണക്കപ്പ് വേദിയിലെത്തും. നടന്മാരായ ടൊവിനോ തോമസും ആസിഫ് അലിയും മുഖ്യാതിഥികളാകും. പാലക്കാട് ഗുരുകുലം എച്ച്എസ്എസ് 166 പോയിൻ്റോടെ സ്കൂൾ വിഭാഗത്തിൽ ബഹുദൂരം മുന്നിലാണ്. വഴുതക്കാട് കാർമൽ എച്ച്എസ്എസ് 116 പോയിൻ്റോടെ രണ്ടാം സ്ഥാനത്തും എംജിഎംഎച്ച്എസ്എസ് മാനന്തവാടി 101 പോയിൻ്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്. ഇതിനിടെ നാലാം ദിനം അവസാനിക്കുമ്പോൾ ആകെയുള്ള 249 ഇനങ്ങളിൽ 239 എണ്ണം പൂർത്തിയായി. ഹൈസ്കൂൾ പൊതുവിഭാഗത്തിൽ96, ഹയർ സെക്കൻഡറി പൊതുവിഭാഗത്തിൽ 105, ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ 19, ഹൈസ്കൂൾ സംസ്കൃത വിഭാഗത്തിൽ 19 ഇനങ്ങൾ വീതമാണ് പൂർത്തിയായിരിക്കുന്നത്.