മിഥുൻ നാഥ്
ആലപ്പുഴ: ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന് തുടര്‍ ചികിത്സ വൈകുന്നെന്ന് പിതാവ്. കുഞ്ഞിന്റെ തുടര്‍ ചികിത്സയില്‍ തീരുമാനമായില്ലെന്നും തീരുമാനം വൈകിയാല്‍ സമരം തുടങ്ങുമെന്നും പിതാവ് അനീഷ് പറഞ്ഞു. ആരോഗ്യമന്ത്രിയും ഡിഎംഒയും ഇക്കാര്യത്തില്‍ ഇടപെടണമെന്നും അനീഷ് ആവശ്യപ്പെട്ടു.
കുഞ്ഞിന്റെ ചികിത്സ സംബന്ധിച്ച് ആശുപത്രിയില്‍ നിന്ന് നീതിയോ പരിഗണനയോ ലഭിക്കുന്നില്ല. കുഞ്ഞിന് നിലവില്‍ തലച്ചോറിനും ഹൃദയത്തിനും പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പരിശോധയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ ദിവസവും ആശുപത്രിയില്‍ കൊണ്ട് പോയി തിരിച്ച് കൊണ്ടു വരികയാണ്. സര്‍ക്കാര്‍ ഇടപെട്ട വിഷയമായിട്ടും അതിന്റെ ഗുണം കിട്ടുന്നില്ല എന്നാണ് പിതാവ് ചൂണ്ടിക്കാട്ടുന്നത്.
ആരോഗ്യമന്ത്രി ആലപ്പുഴയില്‍ വന്നിട്ടും തിരിഞ്ഞ് നോക്കിയില്ല. ഡിഎംഒ ഇതുവരെ കാര്യങ്ങള്‍ വിളിച്ച് ചോദിച്ചിട്ടില്ല. സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാഴ്വാക്കാവുകയാണെന്ന ആശങ്കയാണ് അനീഷ് പങ്കുവയ്ക്കുന്നത്.
കുറ്റക്കാരായ ഡോക്ടര്‍മാരെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്ന് അനീഷ് ആരോപിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടെന്ന് അനീഷ് ചോദിച്ചു. ഡോക്ടര്‍മാരെ സംരക്ഷിക്കേണ്ടത് ആരോഗ്യവകുപ്പിന്റെ ഉത്തരവാദിത്തമാണ്, അവരത് ചെയ്യും. രണ്ട് ലാബുകള്‍ പൂട്ടിയത് കൊണ്ട് മാത്രമായില്ല. ലാബ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്കാനിംഗ് സെന്റര്‍ മാത്രമേ പൂട്ടിയിട്ടുള്ളെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് സ്ഥലം എംപി കെസി വേണുഗോപാല്‍ അറിയിച്ചിട്ടുണ്ടെന്ന് അനീഷ് വ്യക്തമാക്കി. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തനാണ്. ജില്ലാ പൊലീസ് മേധാവിയുടെ ഇടപെടലാണ് കേസ് ഇവിടെവരെ എത്തിച്ചതെന്നും അനീഷ് പറഞ്ഞു.