തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല ഡിസംബർ 13 ന് നടക്കും. പൊങ്കാലയുടെ വരവറിയിച്ച് പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ ഡിസംബർ 08 ഞായറാഴ്ച നടക്കും.
പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യ ദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്ന് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്ണന് നമ്പൂതിരി കൈമാറുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്ര ടൂറിസം പെട്രോളിയം & പ്രകൃതിവാതകം കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ,സഹധർമ്മിണി രാധിക സുരേഷ് ഗോപിയും പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
വൈകിട് 5 ന് കുട്ടനാട് എം.എല്‍ എ തോമസ്സ്. കെ. തോമസ്സിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ഭദ്രദീപം തെളിയിക്കും. മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും.
പോലീസ്, കെ.എസ്. ആര്.റ്റി.സി., ആരോഗ്യ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഫയര്‍ഫോഴ്സ്, കെ.എസ്.ഇ.ബി., ജല അതോറിറ്റി, എക്സൈസ്, ജല ഗതാഗതം, റവന്യു വകുപ്പുകളുടെ സേവനം ആലപ്പുഴ-പത്തനംതിട്ട ജില്ലാ കളക്ടര്‍ മാരുടെ നേതൃത്വത്തില്‍ സജ്ജീകരിക്കും. പാര്‍ക്കിംഗിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായി നിരോധിച്ചും ഹരിത ചട്ടങ്ങള്‍ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങള്‍ നടത്തിരിക്കുത്.