കർണാടക: കർണാടകയിൽ 15 കാരന് തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി നാലു വയസുകാരന് മരിച്ചു.
പശ്ചിമബംഗാള്‍ സ്വദേശിയായ 15 വയസുകാരന് തോക്കില്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ തൊഴിലാളികളുടെ കുഞ്ഞ് അഭിജിത് എന്ന നാല് വയസുകാരനാണ് കൊല്ലപ്പെട്ടത്.
കര്‍ണാടകയിലെ മണ്ഡ്യ നാഗമംഗലയിലാണ് സംഭവം നടന്നത്. നാഗമംഗലയിലെ ഒരു കോഴിഫാമില്‍ ഇന്നലെ വൈകിട്ട് 5.45ഓടെയാണ് സംഭവം.കുടുംബം ജോലി ചെയ്യുന്ന കോഴി ഫാമിലെ ചെറിയ വീട്ടില്‍ എത്തിയ 15 വയസുള്ള കുട്ടിയുടെ ശ്രദ്ധയില്‍ ചുമരില്‍ തൂങ്ങിക്കിടന്ന സിംഗിള്‍ ബാരല്‍ ബ്രീച്ച് ലോഡിങ് തോക്ക് പെട്ടിരുന്നു.
കുട്ടി തോക്ക് എടുത്ത് കളിക്കാന്‍ തുടങ്ങി. അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി നാല് വയസ്സുള്ള കുട്ടിയുടെ വയറ്റിലാണ് വെടിയുണ്ടയേറ്റത്. 30 വയസ്സുള്ള അമ്മയുടെ കാലിനും പരിക്കേറ്റു. പരുക്കേറ്റ നാലുവയസുക്കാരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിതമായ രക്തസ്രാവംമൂലം മരിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ ആണ്‍കുട്ടിയെയും ആയുധത്തിന്റെ ലൈസന്‍സ് ഉടമയെയും അറസ്റ്റ് ചെയ്തു.