വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തം നടന്ന് മാസങ്ങളേറെ പിന്നിടുമ്പോഴും അവിടുത്തെ ജനതയുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിന് യാതൊരു ഉത്കണ്ഠയും ഇല്ലാത്ത മട്ടാണ്. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത് കഴിഞ്ഞദിവസമാണ്. കേന്ദ്ര വായ്പാ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിലായിരുന്നു വിമര്‍ശനം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുത്. കാര്യങ്ങള്‍ നിസ്സാരമായി എടുക്കരുതെന്നും ഡൽഹിയിലിരിക്കുന്ന ഉദ്യോഗസ്ഥർ കേരള ഹൈക്കോടതിക്ക് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ അടുത്ത വിമാനത്തിൽ ഇവിടെ എത്തിക്കാൻ കഴിയുമെന്നും ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാരും എസ്. ഈശ്വരനും ഉൾപ്പെട്ട ബെഞ്ച് മുന്നറിയിപ്പ് നൽകി.
വായ്പാ വിനിയോഗ തീയതി ഡിസംബർ 31ലേക്കു മാറ്റിയ തീരുമാനം എപ്പോഴാണ് എടുത്തത്, അത് എന്നാണ് അറിയിച്ചത് തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം തേടിയ ശേഷമായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. കോടതിക്കു വേറെ ഒന്നും ചെയ്യാനില്ല എന്നു കരുതരുത്. ഡിസംബർ 31നു പോലും ജോലികൾ തീരണമെന്നില്ല. അങ്ങനെയല്ലെങ്കിൽ മറ്റ് അജൻഡകളുണ്ടെന്ന് കരുതേണ്ടി വരുമെന്നും കോടതി ഓർമിപ്പിച്ചു. ഇതു സംബന്ധിച്ച് തിങ്കളാഴ്ച തന്നെ കര്‍ശനമായും സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശം നല്കി. കേന്ദ്രം സമയം നീട്ടി ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.അതിനിടെ, ഉരുൾപൊട്ടൽ പുനരധിവാസം ഒച്ചിഴയുന്ന വേഗതയിൽ പോവുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ അതൃപ്തി അറിയിച്ചതിന്റെ വാർത്തകളും പുറത്തുവന്നു.
വയനാട്ടിലെ ദുരിതബാധിതർക്ക് ചികിത്സാ സഹായം നൽകുന്നുണ്ട്. എന്നാൽ, അതിൽ ഒരു വിഭാഗം ഉദ്യോഗസ്ഥർ അടയിരുന്നു. മറ്റൊരു കൂട്ടർ ഇനി ചികിത്സ നൽകുന്നത് മെഡിക്കൽ കോളെജിലെ ചികിത്സയ്ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഫയലിൽ രേഖപ്പെടുത്തി. ഇതിനുപുറമെയാണ് 300 രൂപയുടെ ദിന ബത്തയുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ സർക്കാരിന്റേതിൽനിന്ന് വിരുദ്ധ നിലപാടെടുത്തത്. 2188 പേർക്കാണ് ഇപ്പോൾ 300 രൂപ പ്രതിദിന ബത്ത നൽകുന്നത്. അത് മൂന്നിലൊന്നുപേർക്കായി പരിമിതപ്പെടുത്താനായിരുന്നു ഉദ്യോഗസ്ഥ നീക്കം.
ജീവനോപാധി നഷ്ടപ്പെടാത്തവർക്കുൾപ്പെടെ ബത്ത കൊടുക്കേണ്ട എന്ന് ഉദ്യോഗസ്ഥർ ഫയലിലെഴുതി. ഈ രണ്ടു കാര്യങ്ങളിലും ഉദ്യോഗസ്ഥ നിലപാട് തള്ളിയാണ് മുഖ്യമന്ത്രി അനുകൂല തീരുമാനമെടുത്തത്. വയനാടിനൊപ്പം ദുരന്തമുണ്ടായ വിലങ്ങാട് ഉരുൾപൊട്ടലിന്റെ പുനരധിവാസ പ്രവർത്തനങ്ങൾ ഇഴയുന്നതിൽ മുഖ്യമന്ത്രിയുടെ അസംതൃപ്തി ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം കത്തിലൂടെ കോഴിക്കോട് ജില്ലാ കലക്റ്റർ സ്നേഹിൽ കുമാർ സിങിനെ അറിയിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
പുനരധിവാസം സംബന്ധിച്ച എൻഐടി പഠന സംഘത്തിന്റെ റിപ്പോർട്ട് 7 മാസം കഴിഞ്ഞിട്ടും ലഭ്യമാക്കാത്തതിലും മുഖ്യമന്ത്രി അതൃപ്തി അറിയിക്കുകയായിരുന്നു. മഴക്കാലം വരുന്ന സാഹചര്യത്തിൽ അതിനുമുമ്പ് തകർന്ന പാലങ്ങളും റോഡും പുനരുദ്ധരിക്കുന്ന പ്രവർത്തനങ്ങളുൾപ്പെടെ തുടങ്ങി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചത്.
ഉദ്യോഗസ്ഥരെ മാത്രം പഴിച്ചുകൊണ്ട് വയനാട് പുനരധിവാസം നടക്കാത്തതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാരിന് കോടികളാണ് വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ലഭിച്ചത്. അതോടൊപ്പം പുനരധിവാസവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദവും പ്രതിഷേധവും ഉണ്ടായപ്പോഴാണ് 520 കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രശ്നങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വയനാട് പുനരധിവാസം വൈകുന്നതു സംബന്ധിച്ച വിഷയം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും ചെയ്യേണ്ട നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. പരിക്കേറ്റവര്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കി ചികിത്സിക്കേണ്ട അവസ്ഥയിലാണ്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് പോലും ചികിത്സാ സഹായം നല്‍കുന്നില്ല. കഴിഞ്ഞ മാസം 22ന് മാത്രമാണ് ചികിത്സ നല്‍കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചത്.
സമരങ്ങള്‍ വന്നതുകൊണ്ടു മാത്രമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കഴിഞ്ഞ ഏഴു മാസവും ദുരന്തത്തില്‍ പരിക്കേറ്റര് സ്വന്തം പണം ഉപയോഗിച്ചാണ് ചികിത്സ തേടിയത്. ഇത്രയും പേര്‍ക്ക് ദുരന്തമുണ്ടായിട്ടും ചികിത്സക്കുള്ള സൗകര്യം പോലും സര്‍ക്കാര്‍ ചെയ്തു കൊടുത്തിട്ടില്ലെന്നത് ഗുരുതര തെറ്റാണ്. പ്രായമായ ആളുകളുടെ ആരോഗ്യ സംരക്ഷണത്തിന് പോലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. മരുന്ന് വാങ്ങാനുള്ള പണം പോലും നല്‍കിയില്ല. എല്ലാ ദിവസവും നല്‍കിയിരുന്ന 300 രൂപ മൂന്നു മാസം കഴിഞ്ഞപ്പോള്‍ നിര്‍ത്തി. ഇപ്പോള്‍ കൊടുക്കുമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും അവര്‍ക്ക് നല്‍കുന്നില്ല. പുനരധിവാസം അനിശ്ചിതമായി വൈകുകയാണ്. മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനിക്കേണ്ട കാര്യത്തിലാണ് സാങ്കേതികമായ പ്രശ്നങ്ങള്‍ പറയുന്നത്.
വാടക വീട്ടില്‍ താമസിക്കുന്നവര്‍ ജീവിക്കാന്‍ വേണ്ടി വല്ലാതെ പ്രയാസപ്പെടുന്നുണ്ട്. സര്‍ക്കാര്‍ അതിനെ പരിഗണിക്കുന്നു പോലുമില്ല. ഓരോ കുടുംബത്തിലും ഓരോ സ്ഥതിയാണ്. അതുകൊണ്ടാണ് മൈക്രോ ഫാമിലി പാക്കേജ് വേണമെന്ന് ഞങ്ങള്‍ പറഞ്ഞത്. കുടുംബശ്രീ മൈക്രോ ലെവല്‍ ഫാമിലി പാക്കേജ് ഉണ്ടാക്കിയെങ്കിലും സര്‍ക്കാര്‍ പണം നല്‍കിയില്ല. എട്ട് മാസമായിട്ടും പാക്കേജ് കടലാസില്‍ ഉറങ്ങുകയാണ്. വായ്പകളുടെ തിരിച്ചടവില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ലെന്നു മനസിലായപ്പോള്‍ തന്നെ പകരം സംവിധാനം ഉണ്ടാക്കണമായിരുന്നു.
യു.ഡി.എഫ് നേതൃത്വത്തിലുള്ള കാര്‍ഷിക സഹകരണ ബാങ്ക് ഒരു കോടിയോളം വരുന്ന വായ്പ എഴുതിത്തള്ളാന്‍ സര്‍ക്കാറിനോട് അനുമതി ചോദിച്ചിട്ടും ഇതുവരെ നല്‍കിയിട്ടില്ല. ബാങ്കുകളില്‍ നിന്നും ജപ്തി നോട്ടീസ് വന്നുകൊണ്ടിരിക്കുകയാണ്. നഷ്ടപ്പെട്ട രേഖകള്‍ തിരിച്ച് നല്‍കാനുള്ള സംവിധാനവും മന്ദഗതിയിലാണ്. കര്‍ണാടകയില്‍ ലോറിയുമായി അര്‍ജുനെ കാണാതായപ്പോള്‍ 73 ദിവസമാണ് തെരച്ചില്‍ നടത്തിയത്. കാലാവസ്ഥ പ്രതികൂലമായപ്പോള്‍ ഈ തെരച്ചില്‍ താല്കാലികമായി നിര്‍ത്തിവച്ചു. അന്ന് നമ്മുടെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കര്‍ണാടക സര്‍ക്കാരിന് രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ കാലാവസ്ഥ അനുകൂലമായപ്പോള്‍ തെരച്ചില്‍ പുനരാരംഭിക്കുകയും അവര്‍ അര്‍ജുനെ കണ്ടെത്തുകയും ചെയ്തു. ഇവിടെ വയനാട് 33 പേരെ കാണാതായെന്ന് പ്രഖ്യാപിച്ചിട്ടും മരണ സര്‍ട്ടിഫിക്കറ്റ് പോലും ഇതുവരെ നല്‍കിയിട്ടില്ല.