തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയര്‍ന്ന പരാമർശത്തിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വർണ്ണക്കടത്ത് വഴി മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നതിന്മേലാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
ഇന്നലെയാണ് പത്രത്തിൽ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതെന്നും തിരുവനന്തപുരത്ത് എത്തിയാൽ ഉടൻ റിപ്പോർട്ട് തേടുമെന്നും ഗവർണർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അഞ്ച് കൊല്ലത്തിനിടെ മലപ്പുറത്ത് മാത്രം 150 കിലോ സ്വർണവും, 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഈ പണം രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നാണ് ആരോപിച്ചത്.
സ്വർണക്കടത്ത് നടക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടായിട്ടും ഇത്രയും ഗൗരവമായ വിഷയത്തിൽ എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന് ഗവർണർ ചോദിച്ചു. ഈ വിഷയത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്ന കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു.