കൊച്ചി : എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്നത് പൊതുതാൽപര്യമില്ല സ്വകാര്യതാൽപര്യം മാത്രമാണെന്ന നിരീക്ഷണത്തോടെ ഹരജി ഹൈകോടതി തള്ളി. അഭിമന്യു സ്മാരകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കെ.എസ്.യു പ്രവർത്തകർ നൽകിയ പൊതുതാൽപര്യ ഹരജിയാണ് ഹൈകോടതി തള്ളിയത്.
മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നാലെയാണ് ക്യാമ്പസിൽ എസ്.എഫ്.ഐ മുൻകൈയെടുത്ത് സ്മാരകം പണിതത്.
സ്മാരകം അക്കാദമിക രംഗത്തെ ബാധിക്കുമെന്ന ഹരജിക്കാരുടെ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സ്മാരകം അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ഹരജിക്കാർക്ക് തെളിയിക്കാനായില്ലെന്നും ചീഫ് ജസ്റ്റിസ് നിധിന് ജാംദര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
2018 ജൂലൈ രണ്ടിനാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനും കോളജിലെ രണ്ടാം വര്‍ഷ രസതന്ത്ര വിദ്യാര്‍ഥിയുമായ അഭിമന്യു കൊല്ലപ്പെട്ടത്. കോളജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു സംഭവം. എസ്.എഫ്.ഐ ബുക്ക് ചെയ്ത മതിലില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ചുവരെഴുത്ത് നടത്തി.
ഇതിന് മുകളില്‍ അഭിമന്യു വര്‍ഗീയത തുലയട്ടെ എന്നെഴുതിയത് എതിരാളികളെ പ്രകോപിപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തില്‍ അഭിമന്യുവിനെ തിരഞ്ഞുപിടിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.