ഇടുക്കി: മറയൂർ ഈച്ചാംപെട്ടി ഗോത്രവർഗക്കുടിയിൽ ശൂലം ഉപയോഗിച്ച് സ്ത്രീയെ ഗുരുതരമായി പരിക്കേൽപ്പിച്ച അയൽവാസി മറയൂർ പോലീസിന്റെ പിടിയിൽ.മറയൂർ ആലാംപെട്ടി സ്വദേശിയും ഈച്ചാംപെട്ടിക്കുടിയിൽ താമസക്കാരനുമായ ആർ.സെൽവം (34) ആണ് പിടിയിലായത്. മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് പരിസരത്തുനിന്ന് വെള്ളിയാഴ്ച രാത്രി ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ മറയൂർ ഇൻസ്പെക്ടർ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദഗ്ധമായി പിടികൂടിയത്.
വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് ഈച്ചാംപെട്ടിക്കുടിയിൽ സംഭവം ഉണ്ടായത്. കൃഷിയിടത്തിൽ തൈകൾ നനയ്ക്കുന്ന ഹോസ് പ്രതിയുടെ വീടിന്റെ പരിസരത്തുകൂടിയാണ് പോകുന്നത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കുത്തിൽ അവസാനിച്ചത്. കുടി സ്വദേശി സോമന്റെ ഭാര്യ കന്നിയമ്മയുമായി തർക്കിച്ച സെൽവം സോമന്റെ വീട്ടിൽ വെച്ചിരുന്ന ഒന്നരമീറ്റർ നീളമുള്ള ശൂലം ഉപയോഗിച്ച് കന്നിയമ്മയുടെ നെഞ്ചിൻ കുത്തുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ച ഭർത്താവ് സോമനെയും ശൂലംകൊണ്ട് അടിച്ചശേഷം പ്രതി ഓടിപ്പോയിരുന്നു.
ഗുരുതരാവസ്ഥയിലായ കന്നിയമ്മയെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി തന്നെ കുടിയിലെത്തിയ പോലീസ് സംഘം പരിസര കുടികളിലെല്ലാം നിരീക്ഷണം ശക്തമാക്കിയിരുന്നു.എസ്.ഐ.യ്ക്കൊപ്പം എ.എസ്.ഐ. അനിൽ സെബാസ്റ്റ്യൻ, ജോബി ആൻറണി, പി.എ.സോണി, എസ്.സജുസൺ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ ശനിയാഴ്ച ദേവികുളം കോടതിയിൽ ഹാജരാക്കും.