പെര്‍ത്ത്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. നായകന് രോഹിത് ശര്‍മയുടെ അഭാവത്തില്‍ പേസര്‍ ജസ്പ്രീത് ബൂംറയാണ് ഇന്ത്യയെ നയിക്കുന്നത്. താരങ്ങളുടെ പരുക്ക് ഇന്ത്യയെ അലട്ടുന്നുണ്ട്.
രോഹിതിന് പകരം കെഎല്‍ രാഹുലാകും യശസ്വി ജയ്സ്വാളിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ ഇറങ്ങേണ്ട ഗില്‍ കൈയ്ക്ക് പരുക്കേറ്റ് വിശ്രമത്തിലാണ്. ഗില്ലിന് കളിക്കാനായാല്‍ അത് ഇന്ത്യയ്ക്ക് ആശ്വാസമേകും.
രോഹിതിനൊപ്പം മികച്ച ഫോമിലുള്ള ഗില്ലും ബാറ്റിംഗ് നിരയില്‍ ഇല്ലെങ്കില്‍ വലിയ പ്രതിസന്ധിയാകും അത് സൃഷ്ടിക്കുക. ഗില്‍ ഇല്ലെങ്കില്‍ ദേവ്ദത്ത് പടിക്കലിനാകും നറുക്ക് വീഴുക. പരുക്കേറ്റ പേസര്‍ ഖലീല്‍ അഹമ്മദിന് പകരം യാഷ് ദയാലിനെ റിസര്‍വ് ടീമില്‍ ഉള്‍പ്പെടുത്തി.
ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിക്ക് നാളെ ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കുമെന്ന സൂചനയും മോര്‍ക്കല്‍ നല്‍കുന്നുണ്ട്. ജസ്പ്രീത് ബൂംറയ്ക്കൊപ്പം മുഹമ്മദ് സിറാജും നിതീഷുമാകും പേസ് വിഭാഗം കൈകാര്യം ചെയ്യുക.
പേസും ബൗണ്‍സും നിറഞ്ഞ ഓസീസ് പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനമാകും നിര്‍ണായകമാവുക. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ ഫോം ഇല്ലായ്മയെ ഇന്ത്യയ്ക്ക് ആശങ്കയാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് പരമ്പരകളിലും മികച്ച പ്രകടനം കാഴ്ചവെച്ച ഋഷഭ് പന്തിന്റെ സാന്നിധ്യം ആത്മവിശ്വാസവും നല്കുന്നു.
മറുവശത്ത് പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഓസീസ് ടീം ശക്തമാണ്. സ്വന്തം നാട്ടിലാണ് മത്സരമെന്നതും ഓസീസിന് മേല്‍ക്കെ നല്‍കുന്നുണ്ട്.