നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം ഒരു വർഷം മാത്രം ബാക്കി നിൽക്കുമ്പോഴും അതിന്റെ യാതൊരു ഭാവവും താളവും ഇനിയും കോൺഗ്രസിന് കൈവന്നിട്ടില്ല എന്നും വേണം പറയുവാൻ. പക്വതയോടുള്ള ഇടപെടലുകളും ഒരു തെരഞ്ഞെടുപ്പിന് സജ്ജമാകേണ്ട തരത്തിലുള്ള തയ്യാറെടുപ്പുകളും ഒന്നും തന്നെ കോൺഗ്രസിന് ഇനിയും കൈവന്നിട്ടില്ല.
ഭൂരിഭാഗം മണ്ഡലങ്ങളിലും പ്രവർത്തനങ്ങൾ അങ്ങേയറ്റം അവതാളത്തിലും ആണ്. കോൺഗ്രസ് പാർട്ടിക്കുള്ളിൽ ചില മണ്ഡലങ്ങളിൽ സ്ഥിരം താപ്പാനകൾ തന്നെ മത്സരിക്കുന്ന രീതി ഒരുപാട് കാലം മുതൽക്കേ ഉണ്ട്. പത്തും അമ്പതും വർഷം ഒരാൾ ഒരു മണ്ഡലത്തെ ദീർഘനാളുകളായി നയിക്കപ്പെടുന്നത് എന്തോ അഭിമാനം പോലെയാണ് കോൺഗ്രസ് കാണുന്നത്.
എന്നാൽ, ഏതെങ്കിലും നേതാവ് ദീർഘകാലം കൈവശം വയ്ക്കുന്ന മണ്ഡലങ്ങൾ അദ്ദേഹത്തിന്റെ മരണശേഷം പതിയെ മറ്റ് പാർട്ടികൾക്ക് ലഭിക്കുന്ന സ്ഥിതി വിശേഷവും ഉണ്ടാകുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര മണ്ഡലം അതിനുദാഹരണമാണ്. കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായിരുന്നു ജി കാർത്തികേയൻ.
അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പിലും മകൻ ശബരീനാഥ് വിജയിച്ചു എങ്കിലും കഴിഞ്ഞതവണ പരാജയപ്പെടുകയായിരുന്നു. അതുപോലെ പുതുപ്പള്ളി, ഹരിപ്പാട്, കോട്ടയം പോലെയുള്ള മണ്ഡലങ്ങളുടെയും ഭാവി എന്താകുമെന്ന് വലിയ സംശയമാണ്. ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉണ്ടാക്കിയെടുക്കുവാൻ കഴിഞ്ഞ മേൽകൈ അടുത്ത തെരഞ്ഞെടുപ്പിൽ ലഭിക്കണമെന്നില്ല.
ഹരിപ്പാട് മണ്ഡലം പരിശോധിച്ചാലും രമേശ് ചെന്നിത്തല എന്ന നേതാവിന്റെ സ്വീകാര്യതയിലാണ് മണ്ഡലം കോൺഗ്രസിന് ലഭിക്കുന്നത്. കഴിഞ്ഞതവണ അദ്ദേഹം തന്നെ വിജയിച്ചത് കുറഞ്ഞ ഭൂരിപക്ഷത്തിൽ ആയിരുന്നു. അടുത്ത തവണ ഇനി അദ്ദേഹം തന്നെ മത്സരിച്ചാലും സ്ഥിതി എന്തായിരിക്കും എന്നത് പ്രവചനാതീതമാണ്. കോൺഗ്രസ് സ്ഥിരമായി വിജയിക്കുന്ന മണ്ഡലങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ മറ്റു മണ്ഡലങ്ങളുടെ സ്ഥിതി എന്തായിരിക്കും. അത് ഊഹിക്കാൻ കഴിയുന്നതേയുള്ളൂ.
ഇപ്പോഴും, കോൺഗ്രസും അതിന്റെ നേതാക്കളും ഈ സാഹചര്യങ്ങൾ പോലും വേണ്ടത്ര വിശകലനം ചെയ്യുന്നുണ്ടാകില്ല. കാലങ്ങളായി തങ്ങളെ പിന്തുടരുന്ന ആൾക്കൂട്ടങ്ങൾ ചെയ്യുന്ന വോട്ടിന്റെ ബലത്തിൽ എക്കാലവും കേരള രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാം എന്ന ധാരണയാണ് കോൺഗ്രസിനുള്ളത്. എന്നാൽ അതൊന്നും എല്ലാകാലത്തും പ്രായോഗികമല്ല. ആൾക്കൂട്ടങ്ങൾ ഇല്ലാത്ത ഒരുകാലത്ത്, ആൾക്കൂട്ടങ്ങളുടെ രാഷ്ട്രീയം തങ്ങളെ തുണക്കില്ലെന്ന വാസ്തവം കോൺഗ്രസ്സും അതിന്റെ നേതാക്കളും തിരിച്ചറിയേണ്ടതുണ്ട്.
ഇടതു പാർട്ടികളെ എടുത്തു പരിശോധിച്ചാൽ എത്ര തലക്കനമുള്ള നേതാവ് ആണെങ്കിലും ഒരു മണ്ഡലത്തിൽ ചുരുങ്ങിയ തവണകൾ മാത്രമാണ് അവർക്ക് മത്സരിക്കുവാൻ അവസരം നൽകാറുള്ളത്. അതിനപ്പുറത്തേക്ക് ഇനിയും മത്സരിക്കുവാൻ അവസരം നൽകിയാലും അത് മറ്റ് ഏതെങ്കിലും മണ്ഡലത്തിൽ ആയിരിക്കും നൽകുകയും ചെയ്യുക. അതല്ലാതെ പത്തും അമ്പതും വർഷം കോൺഗ്രസിനെ പോലെ മറ്റാരും ഒരു മണ്ഡലവും ആർക്കും തീറെഴുതി കൊടുക്കാറില്ല. ഇനി കോൺഗ്രസ് കണ്ടുപിടിക്കേണ്ട ഒരു പ്രവർത്തനം എന്നു പറയുന്നത് അത് കരുനാഗപ്പള്ളി മോഡൽ തന്നെയാണ്. അതായത് സി ആർ മഹേഷ് എന്ന നേതാവ് കരുനാഗപ്പള്ളിയെ എങ്ങനെയാണ് പിടിച്ചെടുത്തത് എന്നതിൽ ഒരു പഠനം കോൺഗ്രസുകാർ നടത്തേണ്ടതുണ്ട്.
ഒരിക്കൽ പരാജയപ്പെട്ട മണ്ഡലത്തിൽ അവിടുത്തെ ജനങ്ങൾക്കൊപ്പം നിരന്തരം നിലകൊണ്ടതിന്റെ ഫലമായിട്ടായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഹേഷ് ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഒരുപക്ഷേ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചതും മഹേഷ് തന്നെയായിരിക്കും. മഹേഷ് എന്ന എംഎൽഎ ഉണ്ടാകുന്നതിൽ അയാൾ എടുത്ത കഠിനപ്രയത്നം ചെറുതൊന്നുമല്ല. പരാജയപ്പെട്ട മണ്ഡലത്തിൽ അവിടുത്തെ ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ട്, എല്ലാ വിഭാഗം ജനങ്ങളുമായും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചുകൊണ്ട് ജനഹൃദയങ്ങളിലേക്ക് അയാൾ നടന്നടുക്കുകയായിരുന്നു.
ജാതിമത ചിന്തകൾക്കപ്പുറത്തേക്ക് എല്ലാവരുടെയും നേതാവായി അയാൾ മാറിയത് വേഗത്തിലായിരുന്നു. പരാജയപ്പെട്ട ഒരാൾ എന്ന നിലയിൽ മാറിനിൽക്കാതെ തുടർന്നങ്ങോട്ട് ആ ജനതയ്ക്ക് പരാജയപ്പെട്ട ഒരാൾ താങ്ങും തണലും ആകുന്ന കാഴ്ചയാണ് ഏവരും കണ്ടത്. വിജയിച്ചതിനെക്കാൾ മികച്ചതായിരുന്നു പരാജയപ്പെട്ട ആൾ എന്ന് തിരിച്ചറിഞ്ഞ കരുനാഗപ്പള്ളിയിലെ ജനത കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി ആർ മഹേഷ് എന്ന നേതാവിനെ അവരുടെ എംഎൽഎയായി തിരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് തോറ്റു തുന്നം പാടിയപ്പോഴും എന്തെങ്കിലും ആശ്വസിക്കുന്നതിനുള്ള വകയൊരുക്കിയത് കരുനാഗപ്പള്ളി മണ്ഡലം ആയിരുന്നു. വിജയിച്ചതിനുശേഷവും അദ്ദേഹം ഒരു എംഎൽഎ എന്ന നിലയിൽ കരുനാഗപ്പള്ളിയിലെ ജനങ്ങൾക്കിടയിൽ സജീവമായി തന്നെ നിലകൊള്ളുന്നുണ്ട്. ഏതുസമയവും അവിടുത്തെ ജനങ്ങൾക്കൊപ്പം അദ്ദേഹത്തെ കാണുവാൻ കഴിയും.
നിയമസഭ ഇല്ലാത്തപ്പോൾ ഒക്കെ തന്നെ മണ്ഡലത്തിൽ തന്നെയാണ് അദ്ദേഹം സമയം ചെലവഴിക്കാറുള്ളത്. സാധാരണക്കാർക്ക് ഏതു സമയവും കടന്നുവരുവാൻ കഴിയുന്ന തരത്തിലാണ് ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്. കരുനാഗപ്പള്ളിയിലെ വിജയം പാഠമാക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്. അതല്ലാത്ത പക്ഷം ഇനിയും പരാജയങ്ങളുടെ പടുകുഴിയിലേക്ക് കോൺഗ്രസിന് വീഴേണ്ടിവരും.