97-ാമത് ഓസ്കർ അവാർഡുകൾ നാളെ പ്രഖ്യാപിക്കും. ഇന്ത്യൻ സമയം പുലർച്ചെ ഏഴ് മണിയോടെ ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ ചടങ്ങുകൾ ആരംഭിക്കും. ഡൊണാൾഡ് ട്രംപ് രണ്ടാമതും അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ ഓസ്കർ ആണ് ഇത്തവണത്തേത്. മികച്ച ചിത്രം, സംവിധാനം, നടൻ, നടി തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമാണ് നടക്കുന്നത്.
ഇന്തോ- അമേരിക്കൻ സംരംഭമായ നെറ്റ്ഫ്ലിക്സ് ചിത്രം അനുജ, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷയാണ്. ഡൽഹിയുടെ പശ്ചാത്തലത്തിൽ ഒരു 9 വയസ്സുകാരിയുടെ ജീവിതം പറയുന്ന ചിത്രമാണ് അനുജ. ചിത്രം നിർമ്മിച്ചത് നടി പ്രിയങ്ക ചോപ്രയും ഗുനീത് മോംഗയും ചേർന്നാണ്. 23 വിഭാഗങ്ങളിലായിട്ടാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. കോനൻ ഒബ്രായൻ ആണ് ഓസ്കാറിന്റെ അവതാരകൻ.
രണ്ടാം ലോക മഹായുദ്ധകാലത്തെ ജൂതവംശഹത്യയെ അതിജീവിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ശിൽപിയുടെ കഥ പറഞ്ഞ ദ ബ്രൂട്ടലിസ്റ്റ്, ലൈംഗിക തൊഴിലാളിയുടെ ജീവിതം പറയുന്ന അനോറ, വത്തിക്കാൻ ത്രില്ലർ കോൺക്ലേവ് തുടങ്ങിയവ മികച്ച സിനിമയുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഓപ്പൻഹെയ്മറിന്റെ ആധിപത്യത്തിനും ഗാസ ഐക്യദാർഢ്യത്തിനുമെല്ലാം സാക്ഷിയായ കഴിഞ്ഞ ഓസ്കവേദിയിൽ നിന്നും വ്യത്യസ്തമായി ഇത്തവണ എങ്ങനെയാകുമെന്ന് കാത്തിരുന്ന് കാണാം.