കേരളത്തിലെ ബി ജെ പി നേതൃത്വം കടുത്ത പ്രതിരോധത്തിലാണ്. മുമ്പെങ്ങും ഉണ്ടാവാത്ത അത്രയും പ്രതിരോധത്തിലകപ്പെട്ടിരിക്കുകയാണ് പാര്‍ട്ടി. കള്ളപ്പണ വിവാദത്തിലും സ്വജനപക്ഷപാതം, അവഗണന തുടങ്ങി നിരവധി വിഷയങ്ങളാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
കടുത്ത പ്രതിരോധത്തിലായ ബി ജെ പി കേരള ഘടകത്തെ, എങ്ങനെ രക്ഷിച്ചെടുക്കാനാവുമെന്ന ആലോചനയിലാണ് ആര് എസ് എസും സംഘപരിവാര്‍ ക്യാമ്പും. കേരളത്തിലെ ബി ജെ പിയില്‍ ഗ്രൂപ്പിസവും തൊഴുത്തില്‍ കുത്തും ഇതാദ്യമായി ഉണ്ടായതല്ല. എന്നാല്‍ പണ്ടൊന്നുമുണ്ടാവാത്ത അത്രയും വലിയ പ്രതിസന്ധിയാണിപ്പോള്‍ ഉടലെടുത്തിരിക്കുന്നത്.
നേതൃത്വത്തിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയ സന്ദീപ് വാര്യരെ മെരുക്കാനുള്ള നീക്കത്തിലാണ് ആര് എസ് എസ്. എന്നാല്‍ സന്ദീപ് വാര്യര്‍ പാര്‍ട്ടി വിടുന്നെങ്കില്‍ വിട്ടുപോവട്ടെ എന്ന നിലപാടിലേയ്ക്ക് സംസ്ഥാന നേതൃത്വം നിലപാട് സ്വീകരിച്ചതില്‍ ആര് എസ് എസ് നേതാക്കള്‍ അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം.
സന്ദീപ് വാര്യര്‍ ബി ജെ പി വിടുകയും സി പി ഐ എം പോലുള്ള പാര്‍ട്ടിയില്‍ അഭയം തേടുകയും ചെയ്താല്‍ അത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് ആര് എസ് എസിന്റെ വിലയിരുത്തല്‍. സന്ദീപിന്റെ മനസ്സറിയാന്‍ കാത്തിരിക്കുന്ന സി പി ഐ എം നേതൃത്വം സന്ദീപിനെ ഏതുവിധേനയും മറുകണ്ടം ചാടിക്കാനുള്ള ശ്രമത്തിലാണ്.
കേരളത്തിലെ ബി ജെ പിയില്‍ കുഴല്‍പ്പണ വിവാദവും മറ്റു സാമ്പത്തിക ഇടപാടുകളും നേരത്തെ തന്നെ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചിലര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയുമൊക്കെ ഉണ്ടായിരുന്നെങ്കിലും തൃശൂരിലെ പാര്‍ട്ടി ഓഫീസില്‍ കോടികള്‍ എത്തിച്ചെന്ന വെളിപ്പെടുത്തല്‍ ഗുരുതര പ്രശ്നങ്ങളിലേയ്ക്കാണ് പാര്‍ട്ടിയെ വലിച്ചിഴച്ചിരിക്കുന്നത്.
ശോഭാ സുരേന്ദ്രന് പാര്‍ട്ടിയില്‍ ആധിപത്യം നേടാനായി നടത്തിയ രാഷ്ട്രീയ നീക്കമാണ് കള്ളപ്പണമെത്തിയെന്ന മുന്‍ ഓഫീസ് ജീവനക്കാരന്റെ വെളിപ്പെടുത്തലെന്നാണ് ആരോപണം. തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ശോഭാ സുരേന്ദ്രനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ തുടര്‍ച്ചയായി പറയുന്നുണ്ടെങ്കിലും കെ സുരേന്ദ്രന് പക്ഷം ശോഭാ സുരേന്ദ്രനെതിരെ സംഘടിതമായ നീക്കത്തിനുള്ള ഒരുക്കത്തിലാണ്.
ശോഭാ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് നേരത്തേയും ശ്രമം നടത്തിയിരുന്നു. ഈ നീക്കം പൊളിച്ചത് കെ സുരേന്ദ്രന്റെ ഏറ്റവും അടുപ്പക്കാരില്‍ ഒരാളായ വി മുരളീധരനായിരുന്നു. സുരേന്ദ്രനെതിരെ ഉണ്ടായ എല്ലാ നീക്കങ്ങളും തകര്‍ത്തതും വി മുരളീധരന് തന്നെ. എന്നാല്‍ നേരത്തെ ഉണ്ടായ അത്രയും സ്വാധീനം നിലവില്‍ കേന്ദ്രത്തില്‍ മുരളീധരന് ഇല്ല.
ദേശീയ നേതാക്കളില്‍ ചിലരുമായുള്ള ശോഭാ സുരേന്ദ്രന്റെ അടുപ്പമാണ് പലപ്പോഴും കെ സുരേന്ദ്രന് പക്ഷത്തിന് വിലങ്ങുതടി. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരികൂടിയായ പ്രകാശ് ഝാവഡേക്കര് സംസ്ഥാനത്തെ ബി ജെ പിയിലുണ്ടായിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.
സന്ദീപ് വാര്യരെ ആര് എസ് എസ് നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചെങ്കിലും ബി ജെ പി നേതൃത്വം സന്ദീപിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടില്ല. അച്ചടക്കമുള്ള ഒരു നേതാവും ഒരു പ്രവര്‍ത്തകനും ഒരു ഉപതെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ തയ്യാറാവില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
ഉപതെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്ന കള്ളപ്പണ വിവാദം, വോട്ടെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് നേതൃത്വത്തിന്റെ ശക്തമായ വിലയിരുത്തല്‍. തെരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത് ആരായാലും അവര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കേണ്ടതാണെന്ന സന്ദീപ് വാര്യരും ശോഭാ സുരേന്ദ്രനും ഉയര്‍ത്തിയിരിക്കുന്ന ആരോപണകൊടുങ്കാറ്റില് ആടിയുലഞ്ഞിരിക്കുകയാണ് പാര്‍ട്ടി.
ദേശീയ നേതാക്കളെ പാലക്കാട്ടെത്തിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കാനുള്ള നീക്കവും ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ശക്തമായികൊണ്ടിരിക്കുന്ന വിവാദം പാര്‍ട്ടി പ്രവര്‍ത്തകരില്‍ സൃഷ്ടിച്ചിരിക്കുന്ന പരിഭ്രാന്തി ചെറുതൊന്നുമല്ല. സി കൃഷ്ണകുമാറുമായി സന്ദീപ് വാര്യര്ക്കുണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം മുന്കൈയെടുത്തില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
സന്ദീപ് ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം വന്‍ പൊട്ടിത്തെറിക്കുവഴിവച്ചേക്കാമെന്നും ബി ജെ പി യിലെ ഒരു വിഭാഗം കരുതുന്നുണ്ട്. സംഘടനാ തെരഞ്ഞെടുപ്പോടെ സുരേന്ദ്രന്റെ ആധിപത്യം അവസാനിക്കുമെന്നാണ് ശോഭാ സുരേന്ദ്രനെ അനുകൂലിച്ചിരുന്ന വിഭാഗം കരുതിയിരുന്നത്. എന്നാല്‍ സമവാക്യങ്ങളെല്ലാം മാറിമറിഞ്ഞേക്കാമെന്ന ആശങ്കയാണ് മറ്റുചിലര്‍ പങ്കുവെയ്ക്കുന്നത്.
പോരാത്തതിന്, കെ സുരേന്ദ്രന് അടുത്ത സുഹൃത്തെന്നാണ് കൊടകര കുഴല്‍പ്പണക്കേസിലെ പ്രതി ധര്മരാജൻ വെളിപ്പെടുത്തിയിരിക്കുന്നത്. സുരേന്ദ്രനൊപ്പം അമിത് ഷായെ കാണാന്‍ കൂടെ പോയിട്ടുണ്ടെന്നും ധര്മ്മരാജന് അന്വേഷണ സംഘത്തിന് നല്കിയ മൊഴിയില്‍ പറയുന്നുണ്ട്.
ബിജെപിയില്‍ കനല്‍കോരിയിട്ട കുഴല്‍പ്പണക്കേസ് പുതിയ അന്വേഷണസംഘത്തിലേയ്ക്ക് നീങ്ങുകയാണ്. ഇഞ്ചോടിഞ്ച് നില്ക്കുന്ന തെരഞ്ഞെടുപ്പ് മുറ്റത്തെത്തി നില്ക്കുമ്പോള് കുഴല്‍പ്പണം ബിജെപിയെ വരിഞ്ഞുമുറുക്കുകയാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന് മുന്‍പ് ബി ജെ പിയില്‍ വലിയ പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യതയും കുറവല്ല.