തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. വിഷയത്തിൽ മാധ്യമങ്ങൾക്ക് പ്രത്യേക ലക്ഷ്യമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അല്പമെങ്കിലും സന്തോഷം ലഭിക്കുന്നെങ്കില്‍ നല്ലതെന്നും ഇ.പി ജയരാജൻ പറഞ്ഞു. പ്രത്യേക ലക്ഷ്യത്തോടെ ഒരു വ്യാജവാര്‍ത്ത നിര്‍മാണകേന്ദ്രം പുറത്തുവിട്ട വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചർച്ചയായത്. അതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഈ ലക്ഷ്യത്തിന്റെ അടിസ്ഥാനം സാമ്പത്തികമാണ്.
ഇത്തരത്തില്‍ വ്യക്തിഹത്യ ലക്ഷ്യംവെക്കുന്നവരുടെ ആളുകളുടെ ഉപകരണമായി മാധ്യമങ്ങള്‍ മാറരുത്. വിഷയം കൃത്യമായി പരിശോധിച്ച് നിയമനടപടി സ്വീകരിക്കും. ജനങ്ങള്‍ക്കും പാര്‍ട്ടിക്കും ഇക്കാര്യത്തില്‍ കൃത്യമായ ബോധ്യമുണ്ടെന്നും ഇ.പി കൂട്ടിച്ചേർത്തു.