ആലപ്പുഴ: കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലവൂരിലെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മൃതദേഹത്തിന്റെ ഭാഗങ്ങള്‍ സുഭദ്രയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. സുഭദ്രയുടെ മക്കളായ രാധാകൃഷ്ണനും രഞ്ജിത്തുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സുഭദ്രയുടെ കാലിലെ ബാന്റേഡ് ഉള്‍പ്പടെയാണ് ഇവര്‍ തിരിച്ചറിഞ്ഞത്. മുട്ടുവേദനയ്ക്ക് സുഭദ്ര ബാന്റേഡ് ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
ഈ വീട്ടില്‍ താമസിച്ചിരുന്ന സുഭദ്രയുടെ സുഹൃത്ത് ശര്‍മ്മിളയും മാത്യൂസും ഒളിവിലാണ്. സുഭദ്ര ഒറ്റയ്ക്കായിരുന്നു കടവന്ത്രയിലെ വീട്ടില്‍ താമസിച്ചിരുന്നതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇവരെ കാണാന്‍ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നു. അവര്‍ക്കൊപ്പമാണ് കൊച്ചിയില്‍ നിന്ന് പോയതെന്നും സുഭദ്രയുടെ പക്കല്‍ സ്വര്‍ണവും പണവും ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. സെപ്തംബര്‍ നാലിന് വീട്ടില്‍ നിന്ന് ഇറങ്ങിയ സുഭദ്രയെ കാണാതായതിന് പിന്നാലെ സെപ്തംബര്‍ ഏഴിനാണ് മകന് രാധാകൃഷ്ണന് പൊലീസിന് പരാതി നല്‍കിയത്.