കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ആരോപണങ്ങള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ താരസംഘടന അമ്മയുടെ കൊച്ചിയിലെ ഓഫീസില്‍ പരിശോധന നടത്തി പൊലീസ്. ലൈംഗികാതിക്രമ കേസിലുള്‍പ്പെട്ട നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന നടത്തിയത്. ഇവര്‍ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഉള്‍പ്പടെ അമ്മയുടെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം അമ്മ ഓഫീസിലെത്തിയത്.
റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ ‘അമ്മ’ സംഘടന പിരിച്ചുവിട്ടിരുന്നു. ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹന്‍ലാല്‍ രാജിവച്ചിരുന്നു.സംഘടനയില്‍ അഭിപ്രായ ഭിന്നത ശക്തമായതിനെ തുടര്‍ന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി ബാബുരാജിനും എതിരെ ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സംഘടന പ്രതിസന്ധിയിലായപ്പോഴാണ് ഭരണ സമിതി പിരിച്ചുവിട്ടത്.