ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ ബന്ധുക്കള്‍ക്ക് കൈമാറുന്ന നടപടിക്രമങ്ങള്‍ വൈകിയേക്കും. ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗത്തിന്റെ വീഴ്ചയാണ് സാംപിള്‍ ലാബിലേക്ക് എത്തിക്കുന്നത് വൈകാന്‍ കാരണമായത്. ഡിഎന്‍എ താരതമ്യ പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.
അര്‍ജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. അര്‍ജുന്റെ സഹോദരന് അഭിജിത്തിന്റെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. രണ്ട് ഡിഎന്‍എയും ഒത്തുപോകുന്നുവെന്ന് വാക്കാല്‍ വിവരം ലഭിച്ചാല്‍ത്തന്നെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.