സിംഗപ്പൂർ: അഴിമതിക്കേസിൽ ഇന്ത്യൻ വംശജനായ മുൻ ഗതാഗത മന്ത്രി എസ്. ഈശ്വരന് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് സിംഗപ്പൂർ ഹൈക്കോടതി. അഴിമതിയുമായി ബന്ധപ്പെട്ട അഞ്ച് കുറ്റങ്ങളിലാണ് ശിക്ഷ. പ്രോസിക്യൂഷൻ ആറുമാസമായിരുന്നു ശിക്ഷ നൽകണമെന്ന് വാദിച്ചതെങ്കിലും ജഡ്ജി വിൻസെന്റ് ഹൂങ് അത് അപര്യാപ്തമാണെന്ന് പറഞ്ഞ് ശിക്ഷ കാലയളവ് വർധിപ്പിക്കുകയായിരുന്നു.
ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ കുറ്റവാളി എത്ര ഉയർന്ന പദവി വഹിക്കുന്നുവോ അത്രയധികം കുറ്റബോധം ഉയരുമെന്ന് ജസ്റ്റിസ് ഹൂങ് പറഞ്ഞു. സ്വാതന്ത്ര്യാനന്തര സിംഗപ്പൂരിൽ സെക്ഷൻ 165 പ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് മുൻ മന്ത്രിയെന്ന് ‘ദി സ്ട്രെയിറ്റ്സ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ 24ന് ഹൈകോടതിയിൽ നടന്ന വിചാരണയിലാണ് കുറ്റം തെളിയിക്കപ്പെട്ടത്. നേരത്തേ, കുറ്റാരോപണങ്ങൾ തെറ്റാണെന്നും തള്ളിക്കളയുകയാണെന്നും ഈശ്വരൻ പരസ്യ പ്രസ്താവനകൾ നടത്തിയിരുന്നു.