എറണാകുളം: ജാര്‍ഖണ്ഡ് ദമ്പതികള്‍ കൊച്ചിയിലെ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കും. അച്ഛനമ്മമാര്‍ തനിച്ചാക്കിയ 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. കുഞ്ഞിന്റെ തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിനോടും നിര്‍ദേശിച്ചു. മാതാപിതാക്കള്‍ തിരിച്ചു വരികയാണെങ്കില്‍ കുഞ്ഞിനെ അവര്‍ക്കു കൈമാറും. ഇല്ലെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു . നാട്ടിലേയ്ക്ക് പ്രസവത്തിനായി ട്രെയിനില്‍ പോകുന്ന സമയത്ത് അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് ജനുവരി 29 നാണ് ജാർഖണ്ഡ് സ്വദേശിയായ രഞ്ജിത ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 31ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്തതോടെ ദമ്പതികള്‍ കുഞ്ഞ് ചിക്തിസയിലുള്ള ആശുപത്രിയിലേയ്ക്ക് വരാതെ ജാര്‍ഖണ്ഡിലേയ്ക്ക് മടങ്ങി. പിന്നീട് ഇവരെ ബന്ധപ്പെടാനായിട്ടില്ല . കുഞ്ഞിന്റെ ചികിത്സയ്ക്കായി ഇതിനകം രണ്ട് ലക്ഷം രൂപയോളം ബില്ലായി. അഭ്യുദയകാംക്ഷികള്‍ നല്കിയ 50,000 രൂപ മാത്രമാണ് ഇതുവരെ അടച്ചത്.