ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പയിൽ കണ്ടെത്തിയ കടുവയെ ഇന്ന് മയക്കുവെടിവെയ്ക്കും. ഇതിന്റെ ഭാഗമായി വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 15ാം വാർഡിൽ ഇന്ന് വൈകിട്ട് ആറു മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെയുണ്ടായിരുന്ന സ്ഥലത്തുനിന്നും കടുവ മാറിയിട്ടുണ്ടെന്നും എരുമേലി റേഞ്ച് ഓഫീസർ കെ ഹരിലാൽ പറഞ്ഞു. കടുവയെ കണ്ടെത്തുന്നതിനായി ഡ്രോൺ നീരീക്ഷണം നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മൂടൽ മഞ്ഞും കടുവയെ കണ്ടെത്തുന്നതിന് വെല്ലുവിളിയാണ്.
കാലിന് പരുക്കേറ്റ കടുവ അധികം ദൂരം സഞ്ചരിക്കാൻ സാധ്യത ഇല്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. പിടികൂടുന്ന കടുവയെ പെരിയാർ കടുവാ സങ്കേതത്തിൽ എത്തിച്ച് ചികിത്സ നൽകുവാനാണ് വനം വകുപ്പിന്റെ തീരുമാനം. വെറ്റിനറി അസിസ്റ്റന്റ് സർജൻ ഡോക്ടർ അനുരാജിന്റെ നേതൃത്വത്തിലാണ് ദൗത്യം നടക്കുക.