മലപ്പുറം: മലപ്പുറം താനൂരിൽ നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവിനെ കസ്റ്റഡിയിൽ എടുത്തു . ഇരുവരുടെയും സുഹൃത്താണ് ഇവരെ സഹായിച്ച യുവാവായ അസ്ലം റഹീമെന്ന് പൊലീസ് പറഞ്ഞു. അതേസമയം മുംബയിൽ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ആര് വിശ്വനാഥ് പറഞ്ഞു. നാട്ടിലെത്തിക്കുന്ന കുട്ടികൾക്ക് തുടർന്ന് കൗണ്‍സലിങ്ങും നല്‍കും.
യാത്രയോടുള്ള താല്പര്യം കൊണ്ടാണ് പെൺക്കുട്ടികൾ മുംബൈയിലേക്ക് പോയതാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു . മുംബൈയിലെത്തിയ പോലീസ് സംഘം ഇന്നലെ വൈകിട്ടോടെ ഗരീബ്രഥ് എക്സ്പ്രസില്‍ പന്‍വേലില്‍നിന്നു യാത്രതിരിച്ചതായും ഉച്ചയോടെ തിരൂരില്‍ എത്തുമെന്നും ജില്ലാ പൊലീസ് മേധാവി ആര് വിശ്വനാഥ് പറഞ്ഞു.
ബുധനാഴ്ച രാവിലെ പരീക്ഷയ്ക്കെന്നു പറഞ്ഞു വീട്ടില്‍നിന്നിറങ്ങിയതായിരുന്നു വിദ്യാര്‍ഥിനികള്‍. പരീക്ഷയ്ക്കു ഹാജരായിട്ടില്ലെന്നു സ്കൂളില്‍ നിന്നറിഞ്ഞ രക്ഷിതാക്കള്‍ താനൂര്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു . തുടർന്നാണ് വിദ്യാർത്ഥികളെ കാണാതായി എന്ന വാർത്ത വരുന്നത്.