ന്യൂഡൽഹി: ഈ വര്‍ഷം ഈദുല്‍ ഫിത്തറിന് ബാങ്ക് അവധിയില്ല. ഈ വര്‍ഷം മാര്‍ച്ച് 31ന് രാജ്യത്ത് പൊതു അവധിയാണെങ്കിലും എല്ലാ പ്രധാന ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കും. മാര്‍ച്ച് 31ന് 2024-2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാലാണിത്. ഇതുസംബന്ധിച്ച നിര്‍ദേശം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ) പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ശാഖകള്‍ പ്രസ്തുത തീയതിയില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ എല്ലാ പ്രമുഖ ബാങ്കുകളോടും സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 11 ന് പുറത്തിറക്കിയ സര്‍ക്കുലറില്‍, കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനമെന്നും ആര്.ബി.ഐ അറിയിച്ചു. സര്‍ക്കാര്‍ രസീതുകളും പേയ്മെന്റുകളും കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ രസീതുകളും പേയ്മെന്റുകളും കണക്കിലെടുക്കുന്നതിനായി 2025 മാര്‍ച്ച് 31ന് തിങ്കള്‍ ഇടപാടുകള്‍ക്കായി തുറന്നുവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു -ആര്.ബി.ഐ സര്‍ക്കുലറില്‍ പറയുന്നു.