ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരും തമിഴ് നടന് ജീവയും തമ്മില്‍ വാക്കേറ്റം. തെന്നിന്ത്യന്‍ താരം രാധികയുടെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളിലാണ് താരം ക്ഷുഭിതനായത്. തേനിയിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജീവ. ഈ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും രാധികാ ശരത്കുമാറിന്റെ വെളിപ്പെടുത്തലും സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. എന്നാല്‍ നല്ലൊരു പരിപാടിക്ക് വന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ മറുപടി. വീണ്ടും ചോദ്യം ഉണ്ടായപ്പോഴാണ് തമിഴ് സിനിമയില്‍ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങള്‍ മലയാള സിനിമയില്‍ മാത്രമാണെന്നും ജീവ മറുപടി നല്‍കിയത്. വീണ്ടും മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചതോടെ ജീവ പ്രകോപിതനാവുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരുമായി തര്‍ക്കിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. പിന്നീട് പ്രതികരിക്കാതെ ജീവ സ്ഥലത്ത് നിന്ന് പോവുകയായിരുന്നു.
അതേസമയം, രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലില്‍ തമിഴ്സിനിമ ലോകവും പ്രതിരോധത്തിലായിരിക്കുകയാണ്. മലയാള സിനിമാ സെറ്റില്‍ കാരവനില്‍ ഒളിക്യാമറ വെച്ചതായും നടിമാരുടെ നഗ്ന ദൃശ്യങ്ങള്‍ ചിലര്‍ പകര്‍ത്തുകയും ചെയ്തത് താന്‍ കണ്ടെന്നുമാണ് രാധിക വെളിപ്പെടുത്തിയത്. രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തല്‍ ദേശീയ തലത്തിലും വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. നടിയില്‍ നിന്ന് വിവരങ്ങള്‍ തേടിയിരിക്കുകയാണ് അന്വേഷണ സംഘം. തമിഴ് സിനിമയില്‍ ഹേമ കമ്മിറ്റി പോലെയുള്ള നീക്കം വേണമെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.