കെഎഫ്സിയിലെ കോടികളുടെ അഴിമതിയാരോപണത്തിൽ വി ഡി സതീശന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത്. ലാഭവും നഷ്ടവും ബിസിനസിൽ വരുമെന്നും നിയമം പാലിച്ചാണ് 2018 ൽ നിക്ഷേപം നടത്തിയതെന്നും മന്ത്രി പറഞ്ഞു. അനിൽ അംബാനിയുടെ കമ്പനിയിൽ കെഎഫ്സി 60 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് വി ഡി സതീശൻ ആരോപിച്ചത്.ഒരു ഗ്യാരണ്ടിയുമില്ലാതെയാണ് പണം നിക്ഷേപിച്ചതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. 2018ൽ നടന്ന കെഎഫ്സിയുടെ മാനേജ്മെൻ്റ് കമ്മിറ്റി തീരുമാനപ്രകാരമായിരുന്നു നിക്ഷേപം. എന്നാൽ ഇക്കാര്യം 2018-19-ലെ കെഎഫ്സിയുടെ വാർഷിക റിപ്പോർട്ടിൽനിന്ന് മറച്ചുവെച്ചുവെന്നും സതീശൻ ആരോപിച്ചു.അനിൽ അമ്പാനിയുടെ കമ്പനിയിൽ 60 കോടി രൂപയുടെ നിക്ഷേപം നടത്തി എന്നാൽ പലിശ അടക്കം 101 കോടി തിരിച്ചുകിട്ടേണ്ടിടത്ത് ലഭിച്ചത് വെറും ഏഴുകോടി മാത്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനെതിരെയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ വിശദീകരണവുമായി രംഗത്തെത്തിയത് നിയമം പാലിച്ചാണ് 2018 ൽ നിക്ഷേപം നടത്തിയതെന്നും ലാഭവും നഷ്ടവും ബിസിനസിൽ വരുമെന്നുമാണ് മന്ത്രിയുടെ പ്രതികരണം. കാനറാ ബാങ്ക്, നബാർഡ്, യൂണിയൻ മുൻനിര ബാങ്കുകളടക്കം നിക്ഷേപം നടത്തിയ കമ്പനിയിലാണ് നിക്ഷേപം നടത്തിയത്. കേന്ദ്ര നിയമം അനുസരിച്ചാണ് കെഎഫ്സി പ്രവർത്തിക്കുന്നത്. മനപൂർവ്വമായ വീഴ്ച ഉണ്ടെന്ന് കരുതുന്നില്ല. മുബൈ ഹൈക്കോടതിയിൽ കേസ് ഉണ്ട്. പകുതിയോളം നഷ്ടപരിഹാരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.