നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവർഷക്കാലം മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥി ചർച്ചകൾ മുന്നണികളിലും പാർട്ടികളിലും തുടങ്ങിയതായി സൂചന. തലസ്ഥാന നഗരിയായ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥികളുമാ യി ബന്ധപ്പെട്ട ചില സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിലവിൽ ആന്റണി രാജുവാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കാലങ്ങളായി സിപിഎം മത്സരിച്ചിരുന്ന മണ്ഡലം കഴിഞ്ഞതവണ ആന്റണി രാജുവിന്റെ ജനാധിപത്യ കേരള കോൺഗ്രസിന് നൽകുകയായിരുന്നു. തുടർച്ചയായി കോൺഗ്രസ് വിജയിച്ചിരുന്ന മണ്ഡലത്തിൽ ആന്റണി രാജു ആധികാരിക വിജയം നേടുകയായിരുന്നു. മുൻപ് ആരോഗ്യ മന്ത്രി കൂടിയായിരുന്ന വിഎസ് ശിവകുമാറിനെ പരാജയപ്പെടുത്തിയായിരുന്നു ആന്റണി രാജുവിന്റെ വിജയം. ഇത്തവണ ഏതു വിധേനയും മണ്ഡലം തിരിച്ചു പിടിക്കുവാനുള്ള പരിശ്രമത്തിലാണ് കോൺഗ്രസ്. ഇതിനുവേണ്ടി നിലവിലെ ഡിസിസി പ്രസിഡന്റ് പാലോട് രവിയെ തന്നെ രംഗത്തിറക്കുവാനാണ് പാർട്ടി ആലോചിക്കുന്നത്. ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ എല്ലാവർക്കും സ്വീകാര്യനാണ് പാലോട് രവി. മുൻപ് എംഎൽഎയായി പ്രവർത്തിച്ച അനുഭവപാടവവും ജില്ലയിലെ സാമുദായിക സംഘടനകളുമായുള്ള ആഴത്തിലുള്ള അടുപ്പവും പാലോട് രവിക്ക് അനുകൂല ഘടകങ്ങളാണ്. ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മോശമാണെന്ന് പലരും ചൂണ്ടിക്കാട്ടുമ്പോഴും കെപിസിസി അത്തരം വാദങ്ങളെ എതിർക്കുകയാണ്. സ്വന്തം പഞ്ചായത്തിലെ ഭരണം നഷ്ടപ്പെട്ട സാഹചര്യത്തിൽ അദ്ദേഹം രാജി വെച്ചിരുന്നു. എന്നാൽ രാജി സ്വീകരിക്കാതെ കെപിസിസി നേതൃത്വം അദ്ദേഹത്തോട് തുടരുവാൻ ആവശ്യപ്പെടുകയായിരുന്നു. പാലോട് രവിയുടെ രാജി വൈകാരിവും ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ മികവാർന്ന പ്രവർത്തനങ്ങളുമാണ് അദ്ദേഹം നടത്തിയതെന്നും ആയിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അന്ന് പറഞ്ഞത്.
പാലോട് രവിയ്ക്ക് പുറമെ വിഎസ് ശിവകുമാർ, യൂത്ത്കോൺഗ്രസ് നേതാവ് ജെ എസ് അഖിൽ തുടങ്ങിയ പേരുകളും വ്യാപകമായി ചർച്ചയിലുണ്ട്. മണ്ഡലത്തിൽ മുൻപ് ഒന്നിലേറെ തവണ എംഎൽഎ ആയിരുന്നിട്ടും സ്വാധീനം ഇല്ലാത്ത വി എസ് ശിവകുമാറിനെ വീണ്ടും മത്സരിപ്പിക്കുന്നതിനുള്ള സാധ്യതകൾ കുറവാണ്. സമീപകാലത്ത് നേതൃത്വത്തിനെതിരെ ശക്തമായി രംഗത്ത് വന്ന യൂത്ത് കോൺഗ്രസ് നേതാവ് ജെ എസ് അഖിലിനെയും അവസാനഘട്ടത്തിൽ നേതൃത്വം കൈയൊഴിഞ്ഞേക്കാം. പക്ഷേ അഖിലിന് വേണ്ടി ചാണ്ടി ഉമ്മനും എ ഗ്രൂപ്പും സ്വാധീനം ചെലുത്തുവാനുള്ള സാധ്യതകളുമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും മണ്ഡലം സിപിഎം തിരിച്ചെടുക്കുവാനുള്ള സാധ്യതകളുമുണ്ട്. അങ്ങനെ സിപിഎം സ്ഥാനാർത്ഥിയാണ് മണ്ഡലത്തിൽ ജനവിധി തേടുക എങ്കിൽ നിലവിൽ രാജ്യസഭാ എംപിയായ എ എ റഹീമിനാണ് കൂടുതൽ സാധ്യത. നിയമസഭയിൽ പരമാവധി യുവാക്കളെ എത്തിക്കുവാനാണ് സിപിഎം ലക്ഷ്യമാക്കുന്നത്. തിരുവനന്തപുരത്ത് റഹീം ഒരു നല്ല ചോയിസ് ആയി സിപിഎം കണക്കുകൂട്ടുന്നു. യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ തലസ്ഥാന നഗരിയിൽ നയിച്ച പാരമ്പര്യവും നേതൃ പാടവവും റഹീമിന് അനുകൂല ഘടകങ്ങൾ ആകുന്നുണ്ട്.
റഹീമിന് പുറമേ നിലവിലെ മേയർ കൂടിയായ ആര്യ രാജേന്ദ്രനെയും സിപിഎം നേതൃത്വം പരിഗണിക്കുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിന് ആര്യയോടാണ് കൂടുതൽ താല്പര്യമെങ്കിലും പ്രാദേശിക നേതൃത്വത്തിന് അത്രകണ്ട് താല്പര്യമില്ല. സമീപകാലത്ത് ആര്യ സൃഷ്ടിച്ച പല വിവാദങ്ങളും സിപിഎമ്മിന് തലവേദനയായിരുന്നു. കെഎസ്ആർടിസി ഡ്രൈവർ യദുകൃഷ്ണനുമായി റോഡിൽ കൊമ്പുകോർത്തത് ജനങ്ങൾക്കിടയിൽ വ്യാപക ചർച്ചയായിരുന്നു. പക്വതയില്ലാത്ത സമീപനങ്ങൾ പല ഘട്ടങ്ങളിലും മേയറിൽ നിന്നും ഉണ്ടായതായി സിപിഎം തന്നെ തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. റഹീമിനെതിരെയും കഴിഞ്ഞ സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. എന്നിരുന്നാലും പ്രാദേശിക നേതൃത്വത്തിന്റെ ആഗ്രഹപ്രകാരം റഹീമിന് തന്നെ സീറ്റ് ലഭിക്കുന്നതിനാണ് സാധ്യത.
ബിജെപിയിലേക്ക് വരുമ്പോൾ ഒറ്റ പേരാണ് ഉയർന്നു കേൾക്കുന്നത്. ഏറെക്കുറെ ആ പേരിൽ ബിജെപി വിജയപ്രതീക്ഷയും കാണുന്നുണ്ട്. നിലവിലെ ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. നിലവിൽ നഗരസഭ കൗൺസിലർ കൂടിയാണ് അദ്ദേഹം. നിലവിൽ തിരുവനന്തപുരം നഗരസഭയിൽ ബിജെപി വലിയ മുന്നേറ്റം ആണ് നടത്തുന്നത്. അടുത്ത നഗരസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ വീഴ്ത്തി ബിജെപി അട്ടിമറി വിജയം നേടുമെന്ന് പ്രവചിക്കുന്നവർ വരെയുണ്ട്. നഗരസഭയിൽ ബിജെപിക്ക് സ്വാധീനം സൃഷ്ടിച്ചെടുക്കുന്നതിൽ രാജേഷിന് ഉണ്ടായിരുന്ന പങ്കു ചെറുതല്ല. മാത്രവുമല്ല മണ്ഡലം ആകെ ഒട്ടേറെ വ്യക്തി ബന്ധങ്ങളും അദ്ദേഹത്തിനുണ്ട്. അത് തങ്ങൾക്ക് അനുകൂലമായ സാഹചര്യമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ബിജെപി.