കോൺഗ്രസിലെ തെറ്റായ സമീപനങ്ങളും കുടുംബാധിപത്യവും ഒക്കെയായിരുന്നു കോൺഗ്രസ്-എസ്സിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. കോൺഗ്രസ് എസ് എന്നാൽ ഒരുകാലത്ത് സംശുദ്ധ കോൺഗ്രസ് എന്നായിരുന്നു പറയപ്പെട്ടിരുന്നത്. ആ സംശുദ്ധ കോൺഗ്രസുകാരാണ് പിന്നീട് എൻസിപിക്കാർ ആയതും, അതിൽ ചിലർ ഇപ്പോൾ രൂപമാറ്റം സംഭവിച്ച് എൻസിപി-എസ് ആയതും. പാർട്ടി തുടങ്ങിയ ഇടത്ത് ഉണ്ടായിരുന്ന സംശുദ്ധത ഒന്നും ഇന്നത്തെ എൻസിപി-എസിന് ഇല്ല. തീർത്തും അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് പിന്നാലെ സഞ്ചരിക്കുന്ന ഒരു സെറ്റപ്പ് മാത്രമാണ് ഇപ്പോൾ എൻസിപി-എസ്.
വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ടുപോകുന്ന കാലത്തായിരുന്നു കോൺഗ്രസ് വിട്ട് പി സി ചാക്കോ എൻ സി പിയിലേക്ക് എത്തുന്നത്. പിന്നീട് അങ്ങോട്ട് പാർട്ടിക്ക് ദുർഗതിയായിരുന്നു. ഇപ്പോൾ ആകട്ടെ ചാക്കോ മാറി തോമസ് കെ തോമസിലേക്ക് എത്തുമ്പോൾ പാർട്ടിയുടെ അവസ്ഥ ഒന്നുംകൂടി ദയനീയമാകുന്നു. തോമസ് കെ തോമസ് സംസ്ഥാന പ്രസിഡന്റ് ആയതിന് പിന്നാലെ അദ്ദേഹം പ്രതിനിധീകരിക്കുന്ന ആലപ്പുഴ ജില്ലയിൽ ഉൾപ്പെടെ പാർട്ടിയിൽ നിന്നും രാജിയുമായി ഒട്ടേറെ നേതാക്കളും പ്രവർത്തകരുമാണ് ഓരോ ദിവസവും രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.
ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിമാരും നിയോജകമണ്ഡലം പ്രസിഡന്റുമാരും ഉൾപ്പെടെയുള്ള വൻ നിരയാണ് പുതിയ പ്രസിഡന്റ് തോമസ് കെ തോമസിനെതിരെ വിമർശനമുയർത്തി പാർട്ടിക്ക് പുറത്തേക്ക് പോയത്. പി സി ചാക്കോയുമായും, തോമസ് കെ തോമസുമായുമുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന്, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന സതീഷ് തോന്നക്കൽ രാജി പ്രഖ്യാപിച്ചത് ആയിരുന്നു എല്ലാത്തിനും തുടക്കം. അദ്ദേഹത്തോട് ഐക്യപ്പെട്ടുകൊണ്ട് നിരവധി പേരാണ് പിന്നീട് രാജിവച്ചതും ഇപ്പോൾ രാജി സന്നദ്ധത അറിയിച്ചു മുന്നോട്ടുവരുന്നതും. തോമസ് കെ തോമസ് തന്നെയാണ് ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയായി വരുന്നതെങ്കിൽ കുട്ടനാട്ടിൽ മത്സരിക്കുമെന്ന് സതീഷ് തോന്നക്കൽ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സമീപകാലത്ത് എൻ സി പി എസ് എന്ന പാർട്ടിക്കുള്ളിൽ ഉടലെടുത്ത പ്രശ്നങ്ങളും സംഭവവികാസങ്ങളും വളരെ വലുതായിരുന്നു. മന്ത്രിമാറ്റത്തിന് അരയും തലയും മുറുക്കി ഇറങ്ങിയ മുൻ സംസ്ഥാന പ്രസിഡന്റ് ചാക്കോയ്ക്ക് കസേരതന്നെ നഷ്ടമായി നാണംകെടുന്ന സ്ഥിതിയുണ്ടായി. അതേസമയം മന്ത്രിക്കസേരക്കായി പിടിവലി കൂടിയവര്‍ ഒന്നാവുന്നതും നമ്മൾ കണ്ടു. ഒരാള്‍ മന്ത്രിയായി തുടരുമ്പോള്‍ മറ്റേയാള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ പദവിയും ഉറപ്പിച്ചു.
വനംമന്ത്രി എകെ ശശീന്ദ്രനെ മന്ത്രി കസേരയില്‍ നിന്നും ഇറക്കി അവിടെ ഇരിക്കാന്‍ നടന്ന കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിന് എല്ലാ സഹായവും ചെയ്തത് അന്ന് സംസ്ഥാന പ്രസിഡന്റായിരുന്ന പിസി ചാക്കോ ആയിരുന്നു, തോമസിനെയും ശശീന്ദ്രനേയും കൂട്ടി മുംബൈയില്‍ എത്തി ശരത് പവാറിനെ കണ്ട് മന്ത്രിമാറ്റത്തിന് അനുകൂല തീരുമാനം എടുപ്പിക്കാൻ, പവാറുമായി അടുത്ത ബന്ധം പുലർത്തുന്ന ചാക്കോക്ക് കഴിഞ്ഞു. പക്ഷെ അതുംകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻറെ അടുത്ത് എത്തിയപ്പോള്‍, നടക്കില്ലെന്നു പറഞ്ഞു ഓടിച്ചു വിടുകയാണ് ചെയ്തത്. മന്ത്രിയെ മാറ്റണമെന്ന ആവശ്യം പലവട്ടം ചാക്കോ മുഖ്യമന്ത്രിക്ക് മുന്നിൽ വച്ചെങ്കിലും അതൊന്നും അംഗീകരിക്കപ്പെട്ടില്ല.
ഇതിനിടെയാണ് കേരളത്തിലെ മൂന്നു എല്‍എഡിഎഫ് എംഎല്‍എമാരുടെ കുതിരക്കച്ചവടത്തിന് തോമസ് കെ.തോമസ് വഴി കോടികള്‍ കോഴയായി ഇറക്കാൻ എൻസിപിയിലെ അജിത് പവാർ വിഭാഗം ശ്രമിച്ചുവെന്ന ആരോപണം വന്നത്. തോമസ് കെ തോമസ് തനിക്ക് 100 കോടി ഓഫർ നൽകിയെന്ന മുൻ മന്ത്രി ആൻറണി രാജുവിൻ്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രി വിശ്വസിച്ചപ്പോൾ തോമസിന് മന്ത്രിപദത്തിലേക്ക് ഉടനെങ്ങും എത്താനാവില്ലെന്ന് ഉറപ്പായി. ഇതോടെ മന്ത്രി മോഹം മാറ്റിവച്ച തോമസ് പ്രായോഗിക നിലപാടിലേക്ക് നീങ്ങി. അങ്ങനെയാണ് എതിർപാളയത്തിൽ നിന്ന ശശീന്ദ്രനുമായി ചേർന്ന് സംസ്ഥാന അധ്യക്ഷപദവി പിടിക്കാൻ തീരുമാനിച്ചത്. അത് പ്രതീക്ഷിച്ചതിലും എളുപ്പമായി.
അതേസമയം, ഒട്ടേറെ ആരോപണങ്ങൾ തോമസിനെയും അലട്ടുന്നുണ്ട്. സഹോദരൻ മരിച്ചപ്പോൾ ഒഴിവ് വന്ന കുട്ടനാട് സീറ്റിൽ മത്സരിച്ചതോടെ ആയിരുന്നു തോമസ് കെ തോമസ്സിന്റെ പാർട്ടിയിലേക്കുള്ള കടന്നുവരവ്. അതല്ലാതെ യാതൊരു രാഷ്ട്രീയ പശ്ചാത്തലവും തോമസിന് ഇല്ല. പാർട്ടിക്കുവേണ്ടി ജീവിതകാലം മുഴുവൻ വെള്ളം കോരിയവരെ അവഗണിച്ചുകൊണ്ട് ഇത്തരക്കാരെ നേതാവായി ഉയർത്തിക്കാട്ടുന്നതിൽ പാർട്ടിയിലെ ഭൂരിഭാഗം പ്രവർത്തകർക്കും അതൃപ്തിയുണ്ട്. സഹോദരന്റെ ബാഗ് പിടിച്ചു നടന്നു എന്നല്ലാതെ യാതൊരു രാഷ്ട്രീയ പാരമ്പര്യവും ഉള്ള ആളല്ല തോമസെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനത്തിലും തോമസ് കെ തോമസ് എംഎൽഎ ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ആയിരുന്നു ഉയർന്നിരുന്നത്. മണ്ഡലത്തിന്റെ തെക്കും വടക്കും പോലും അറിയാത്ത ആളാണ് തോമസെന്ന് പോലും സിപിഎം സമ്മേളനത്തിൽ വിമർശനം ഉണ്ടായി. ഒരുകാലത്ത് 10 പേർ അറിയുന്ന ഒരു രാഷ്ട്രീയപാർട്ടിയെ തോമസ് മൊത്തത്തിൽ കച്ചവടം ആക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. ഏറെക്കുറെ അത്തരമൊരു ചിത്രമാണ് തോമസ് കെ തോമസിനെ ചാരി മുൻപ് കൂടെ നിന്നവർ നൽകുന്നത്.