തിരുവനന്തപുരം: മുൻ മന്ത്രിയും നിലവിൽ എംഎൽഎയുമായ ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം എം എൽ എ, എം പി എന്നിവർക്കുള്ള കോടതിയിലേയ്ക്ക് കേസ് മാറ്റണമെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ അവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി ഇന്ന് കോടതിയിൽ സമർപ്പിക്കും.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാൻ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്നാണ് കേസ്. ഇത് വ്യാജ തൊണ്ടിയാണെന്നുള്ള വാദം കണക്കിലെടുത്ത കോടതി വിദേശിയെ വെറുതെവിട്ടിരുന്നു. എന്നാൽ 1994-ല്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.