തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ്വ കാഴ്ച്ചയായ വിഷുവം കാണാന്‍ എത്തിയവര്‍ക്ക് ഇക്കുറി നിരാശ. ഗോപുര വാതിലിനിടയിലൂടെ സൂര്യന് മറയുന്ന അപൂര്‍വ കാഴ്ച കാണാന്‍ ഒരുപാട് പേര് എത്തിയിരുന്നു. എന്നാല്‍ കാര്‍മേഘം വന്ന് മൂടിയതോടെ വിഷുവം ദൃശ്യമാകുന്നതിന് തടസമായി.
ഇന്നലെ വൈകീട്ട് അഞ്ച് മണിയായപ്പോഴേക്കും കിഴക്കേനടയില്‍ ആളുകള്‍ നിറഞ്ഞു. സൂര്യന് അസ്തമിക്കാനായി താഴ്ന്നു. താഴികക്കുടത്തിന് മുകളില്‍ ദൃശ്യമായ സൂര്യന് പിന്നീട് ഓരോ ഗോപുരദ്വാരങ്ങളിലൂടെ തങ്കനിറത്തില്‍ താഴേക്ക് വരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ റീല്‍സ് എടുക്കാനും സ്റ്റാറ്റസ് ഇടാനും കാത്തുനിന്നവര്‍ക്ക് നിരാശ മാത്രം. വര്‍ഷത്തില്‍ രണ്ടുതവണ മാത്രം കാണുന്ന പ്രതിഭാസമാണ് വിഷുവം.