മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞ് താക്കോൽ ഊരി കാർ യാത്രക്കാർ അറസ്റ്റിൽ. ഇരട്ട സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയ്ക്കൽ നിറപറമ്പ് സ്വദേശികളായ സിയാദ് (19), സിനാൻ (19), ഹുഹാദ് സെനിൻ (22) എന്നിവരെയാണ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി കോട്ടക്കൽ ചങ്കുവെട്ടി ജങ്ഷനിലാണ് സംഭവം. പൊൻകുന്നത്തുനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന ബസാണ് ഇവർ തടഞ്ഞത്. ഇവരുടെ കാറിൽ ബസ് തട്ടിയെന്നായിരുന്നു ആക്ഷേപം. താക്കോൽ തിരികെ നൽകണമെന്നും യാത്ര മുടക്കരുതെന്നുമാവശ്യപ്പെട്ട് ബസ് യാത്രക്കാരും രംഗത്തെത്തി.
തുടർന്ന് താക്കോൽ തിരികെ നൽകിയെങ്കിലും ബസ് തടഞ്ഞിട്ടു. ഡ്രൈവറുടെ കണ്ണുകൾ ചുവന്നു കലങ്ങിയതിനാൽ ഇദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു യുവാക്കളുടെ വാദം. പിന്നീട് കോട്ടക്കൽ പോലീസെത്തി ഡ്രൈവറെയും പരാതിക്കാരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി, എന്നാൽ ബസ് ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്താനായില്ല. ഇതോടെ കെഎസ്ആർടിസി ബസ് തടഞ്ഞതിനും ഡ്രൈവറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു മൂവരെയും പോലീസ് അറസ്റ്റ് ചെയ്തു.