ന്യൂഡൽഹി: യൂണിയന് ബജറ്റ് അവതരണത്തിന് മൂന്നാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ റവന്യൂ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് അരുണിഷ് ചൗളയെ റവന്യൂ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) മേധാവിയാക്കി. ഡിപാം സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെയെ പുതിയ റവന്യൂ സെക്രട്ടറിയായി ചൗളയ്ക്ക് പകരം നിയമിച്ചു. ധനകാര്യ സെക്രട്ടറി കൂടിയാണ് പാണ്ഡെ. ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പുതിയ നീക്കം.
ബിഹാര്‍ കേഡറിലെ 1992 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഉദ്യോഗസ്ഥനായ ചൗളയെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25നാണ് റവന്യൂ സെക്രട്ടറിയായി നിയമിച്ചത്. തുടര്‍ന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സ്ഥിരം ചുമതലക്കാരനെ നിയമിക്കുന്നതുവരെ പൊതുമേഖലാ വ്യവസായ വകുപ്പ് സെക്രട്ടറി, ധനമന്ത്രാലയം, സാംസ്കാരിക മന്ത്രാലയം സെക്രട്ടറി എന്നീ തസ്തികകളുടെ അധിക ചുമതലയും അദ്ദേഹം വഹിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഒഡീഷ കേഡറിലെ 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡെ പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും വഹിച്ചിരുന്നു.