തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് നടത്താനുളള അനുമതിയിൽ ജില്ലാ ഭരണകൂടം നിയമോപദേശം തേടും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കും വേലയ്ക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ തൃശ്ശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകാൻ കഴിയുമോയെന്നാണ് നിയമോപദേശം തേടുന്നത്. അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടുന്നത്.
വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിൻ കാലിയാക്കുമെന്ന് ദേവസ്വങ്ങൾ സത്യവാങ്മൂലം നൽകിയതോടെയാണ് വേല വെടിക്കെട്ടിന് ദേവസ്വങ്ങൾക്ക് അനുമതി ലഭിച്ചത്.
വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര കാലിയാണെങ്കിൽ 200 മീറ്റർ പാലിക്കേണ്ടി വരില്ല. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് പൂരം വെടിക്കെട്ട് കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.