രാജേഷ് തില്ലങ്കേരി
കോഴിക്കോട്ടെ സി പി എമ്മിനെ ആകെ പിടിച്ചുകുലുക്കിയ പി എസ് സി കോഴ വിവാദത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തായിരിക്കാം.കോഴ വാങ്ങിയത് ആരാണ്, കൊടുത്തത് ആരാണ്, വാങ്ങിയെന്ന് പറയപ്പെടുന്ന പ്രമോദ് കോട്ടൂളി പറയുന്നു ഞാന്‍ പണം വാങ്ങിയിട്ടില്ലെന്ന്.കൊടുത്തു എന്നു പറയപ്പെടുന്നയാള്‍ ഒരാഴ്ചയ്ക്ക് ശേഷം ആരോപണം നിഷേധിച്ച് ശ്രീജിത്ത് രംഗത്തെത്തിയിരിക്കുകയാണ്.പ്രമോദുമായി ഒരിടപാടും ഉണ്ടായിട്ടില്ലെന്നും പണം വാങ്ങിയെന്ന് ആര്‍ക്കും പരാതി നില്‍കിയിട്ടില്ലെന്നുമാണ് ശ്രീജിത്ത് പറയുന്നത്.അപ്പോ സി പി എം പ്രമോദിനെ പിന്നെ എന്തിനാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല.
പ്രമോദിന് വഴിവിട്ട ബന്ധങ്ങളുണ്ടെന്നും, റിയല്‍ എസ്റ്റേറ്റ് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നുമൊക്കെയാണ് സി പി എം ആരോപിക്കുന്നത്. കടുത്ത നടപടികളിലേക്ക് നയിച്ചത് ഇത്തരം ബന്ധങ്ങളാണെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ പ്രമോദ് കളമൊന്ന് മാറ്റി ചവിട്ടാമെന്ന് ഓര്‍ത്തിട്ടായിരിക്കണം, ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത നിലപാടുമായി രംഗത്തെത്തിയത്. പാര്‍ട്ടി സംവിധാനത്തെ തെറ്റിദ്ധരിപ്പിച്ചവരെ പുറത്തുകൊണ്ടുവരുമെന്നാണ് പ്രമോദ് കോട്ടൂളി പറഞ്ഞത്. താന്‍ കോഴ വാങ്ങിയോയെന്ന് പൊതു സമൂഹത്തിന് അറിയാന്‍ വേണ്ടിയാണ് പോരാട്ടമെന്നായിരുന്നു പ്രമോദ് അറിയിച്ചതും.മാത്രമല്ല, ആരോപണം ഉന്നയിച്ച ശ്രീജിത്തിന്റെ വീടിനു മുന്നില്‍ പ്രമോദും അമ്മയും കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. എന്നാലോ, 24 മണിക്കൂറിന് ശേഷമാണ് ശ്രീജിത്ത് പ്രമോദിന് പണം നല്‍കിയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.
പാര്‍ട്ടിയിലെ ചിലരുടെ ഗൂഢാലോചനയാണ് തന്നെ പുറത്താക്കലിലേക്ക് നയിച്ചതെന്നും, താന്‍ ഒരു രൂപപോലും ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നുമാണ് പ്രമോദ് നേരത്തെ പറഞ്ഞിരുന്നത്. പണം ആരാണ് വാങ്ങിയതെന്നും, ആര്‍ക്കുവേണ്ടിയാണ് വാങ്ങിയതെന്നും താന്‍ തെളിയിക്കുമെന്നാണ് പ്രമോദിന്റെ പ്രതികരണം. നിയമപരമായുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്നുള്ള പ്രമോദിന്റെ പ്രതികരണത്തോടെയാണ് ശ്രീജിത്ത് ആരോപണം നിഷേധിച്ച് രംഗത്തെത്തിയത്.
പി എസ് സി അംഗത്വത്തിനായി 22 ലക്ഷം രൂപ സി പി എം പ്രദേശിക നേതാവും സി ഐ ടി യു ജില്ലാ നേതാവുമായ പ്രമോദ് കോട്ടൂളി വാങ്ങിയെന്നായിരുന്നു ഉയര്‍ന്ന പരാതി.മന്ത്രി മുഹമ്മദ് റിയാസിന്റെ പേരിലാണ് കോഴവാങ്ങിയതെന്നുമായിരുന്നു ഉയര്‍ന്ന പരാതി. പരാതി ശരിവെച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.ആരോപണ വിധേയനായ പ്രമോദിനെ ഉടന്‍ പുറത്താക്കണമെന്നും സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.
ജില്ലാ കമ്മിറ്റി ഈ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തുവന്നു. എന്നാല്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുകയും പ്രമോദ് കുറ്റക്കാരനാണെന്ന് പ്രാഥമിക വിലിയിരുത്തലും നടത്തിയിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പ്രമോദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ചിലരുടെ വ്യക്തിവിരോധമാണ് പാര്‍ട്ടി നടപടിക്കു പിന്നിലെന്നായിരുന്നു പ്രമോദിന്റെ തുടക്കം തൊട്ടുളള ആരോപണം.
പി എസ് സി അംഗത്വത്തിനായി പണം കൊടുത്തുവെന്ന് പാര്‍ട്ടി കണ്ടെത്തിയ ശ്രീജിത്ത് തന്നെയാണ് പ്രമോദിന് പണം കൊടുത്തിട്ടില്ലെന്നും, പ്രമോദ് തന്റെ സുഹൃത്താണെന്നുമുള്ള പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ കേസില്‍ വീണ്ടും ട്വിസ്റ്റുണ്ടാവുകയാണ്. ആരോപണങ്ങളില്‍ പ്രമോദ് പൊലീസിന് പരാതി നല്‍കാനൊരുങ്ങുകയാണ്. മാത്രമല്ല, പിഎസ്.സി കോഴ ആരോപണത്തില്‍ സത്യം പുറത്തു വരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ബിജെപിയും ഇന്ന് പരസ്യ പ്രതിഷേധ പരിപാടികള്‍ക്കും തുടക്കമിടും.
ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പുതിയ സ്റ്റാന്റ് പരിസരത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന പരിപാടിയും സംഘടിപ്പിക്കും.യഥാര്‍ത്ഥത്തില്‍ ആരാണ് പി എസ് സി കോഴ കൈപ്പറ്റിയത്… ശ്രീജിത്തിന്റെ വെളിപ്പെടുത്തല്‍ സത്യമെങ്കില്‍ കോഴയെപ്പറ്റി പാര്‍ട്ടിക്ക് പരാതി നല്‍കിയത് ആരായിരിക്കാം..എന്തൊക്കെ ദുരൂഹതകളാണ് ഇനിയും തെളിയാനുള്ളത്…