ആലപ്പുഴ : പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ ഉണ്ടായ പാതിരാ റെയ്ഡ് വിവാദത്തില്‍ മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്റെ മൊഴിയെടുത്തു. ഇന്ന് രാവിലെ പാലക്കാട് നിന്നുള്ള പൊലീസ് സംഘം ആലപ്പുഴയിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
പാലക്കാട് പാതിരാത്രിയിൽ നടന്ന റെയ്ഡിൽ പൊലീസ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ഷാനിമോൾ പരാതി നൽകിയിരുന്നു. താൻ ഉൾപ്പടെയുള്ള വനിതാ നേതാക്കളുടെ മുറിയിൽ പൊലീസ് അതിക്രമിച്ച് കയറിയെന്നും തന്റെ മുറിയിലേക്ക് പരിശോധനക്കായി വരുമ്പോൾ വനിതാ പൊലീസുകാർ ആരും ഉണ്ടായിരുന്നില്ലെന്നും മാത്രമല്ല തന്റെ സ്ത്രീത്വത്തെ പുരുഷ പൊലീസുകാർ അപമാനിച്ചെന്നും ഷാനിമോൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരാതിയിലാണ് പാലക്കാട് സൗത്ത് പൊലീസ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ കോൺഗ്രസ് അനധികൃത പണം എത്തിച്ചുവെന്നാരോപിച്ച് നേതാക്കൾ താമസിച്ചിരുന്ന കെപിഎം ഹോട്ടലിൽ പാതിരാത്രിയിൽ പൊലീസ് റെയ്ഡ് നടത്തി. സംഭവത്തിൽ ഫെന്നി നൈനാൻ ട്രോളി ബാഗുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ബാഗില്‍ തന്റെ വസ്ത്രങ്ങളാണെന്ന മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരുന്നു.