വാഷിങ്ടണ്‍: വനിതാ കായിക ഇനങ്ങളില്‍ ട്രാന്സ്ജെന്ഡറുകള് മത്സരിക്കുന്നത് വിലക്കി അമേരിക്ക. ഇതുമായി ബന്ധപ്പെട്ട എക്സിക്യുട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. വനിതാ കായികരംഗത്ത് നിന്ന് പുരുഷന്മാരെ പുറത്താക്കുകയെന്നതാണ് ഉത്തരവ്. ഹൈസ്കൂള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളിലെ കായികമത്സരങ്ങളേയാണ് പ്രധാനമായും ഉത്തരവ് ബാധിക്കുക.
ഉത്തരവ് പ്രകാരം വനിതാ ടീമുകളില്‍ ട്രാന്‍സ്ജെന്‍ഡറുകളെ ഉള്‍പ്പെടുത്തുന്ന സ്കൂളുകള്‍ക്കുള്ള ഫണ്ടുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിഷേധിക്കാം. ഉത്തരവ് നിലവില്‍ വന്നതോടെ വനിതാ കായികരംഗത്തെ യുദ്ധം അവസാനിച്ചുവെന്ന് ട്രംപ് പറഞ്ഞു. വനിതാ കായികതാരങ്ങളുടെ അഭിമാനവും അന്തസ്സും കാത്തുസൂക്ഷിക്കുമെന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉപദ്രവിക്കാനും വഞ്ചിക്കാനും സമ്മതിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇനി മുതല്‍ വനിതാ കായികഇനങ്ങള്‍ വനിതകള്‍ക്ക് മാത്രമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.