കോഴിക്കോട് : കാറിൽ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നത് വ്യാജപരാതിയെന്ന് പൊലീസ്. ബന്ധു നൽകിയ 40 ലക്ഷം രൂപ തിരികെ നൽകാതിരിക്കാൻ ആസൂത്രണം ചെയ്ത നീക്കമാണ് ഈ വ്യാജ പരാതിയെന്നും പോലീസ് വ്യക്തമാക്കി. കേസ് തെളിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ ആണ് നിര്‍ണ്ണായകമായത്. സിസിടിവിയില്‍ പ്രതികളുടെ ശബ്ദവും പതിഞ്ഞിരുന്നു. തുടർന്ന് പണം കവര്‍ന്നവരെ ആദ്യം കണ്ടെത്തി. പിന്നാലെ തന്നെയാണ് പരാതി വ്യാജമാണെന്നും കണ്ടെത്തിയത്.
സംഭവത്തിൽ പുവാട്ടുപറമ്പ് സ്വദേശി പി.എം റഹീസ് സുഹൃത്തുകളായ സാജിദ് , ജംഷിദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു . ഒരു സ്വകാര്യ ആശുപത്രിയിൽ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും 40 ലക്ഷം രൂപ കാണാതെപോയെന്നായിരുന്നു പരാതി .ഇതാണ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയത്. കാറിൽ പണത്തിന് പകരം ചാക്കില്‍ പേപ്പര്‍ നിറച്ചായിരുന്നു ഇവരുടെ നാടകം . ഭാര്യാ പിതാവ് ജോലി ചെയ്യുന്ന ബിസിനസ് സ്ഥാപനത്തിന്റെതാണ് ചെലവായ പണമെന്നാണ് മൊഴി. നിലവിൽ പ്രതികൾ റിമാൻഡിലാണ് .