വയനാട് മുണ്ടക്കൈയിൽ കുന്നമ്പറ്റയിലെ ഫ്ലാറ്റിൽ താമസിക്കുന്ന 2 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ . കിറ്റിൽ നിന്ന് ലഭിച്ച സോയാബീൻ കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത് .
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കിറ്റില്‍ നിന്നും ലഭിച്ച സോയാബീന്‍ ഉപയോഗിച്ച് കറിയുണ്ടാക്കിയിരുന്നു. ഇതാണ് കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കിയത്. ഇതിന് ശേഷമാണ് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്ന് രോഗബാധിതയായ കുട്ടിയുടെ അമ്മ പറഞ്ഞു.
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഭക്ഷണത്തിനായി പുഴുവരിച്ച അരി നൽകിയ സംഭവത്തെ തുടർന്ന് വിവാദങ്ങൾ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഭക്ഷ്യ വിഷബാധ ഉണ്ടായിരിക്കുന്നത്. സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നൽകിയ കിറ്റുകളാണ് ദുരന്തബാധിതർക്ക് നൽകിയതെന്നാണ് പഞ്ചായത്തിന്റെ വാദം. എന്നാൽ ഇവ മൃഗങ്ങള്‍ക്ക് പോലും നല്കാന് കഴിയാത്ത അവസ്ഥയാണെന്ന് ദുരിതബാധിതർ പറഞ്ഞു.
5 കിറ്റുകളിലാണ് പുഴുവരിച്ച സാധനങ്ങൾ കണ്ടെത്തിയത്, ഇതുമായി ദുരിതബാധിതർ മേപ്പാടി പഞ്ചായത്തിൽ എത്തി പ്രതിഷേധം നടത്തി. ഈ വിഷയത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സോയാബീൻ തുടങ്ങിയ പാക്ക് ചെയ്ത സാധനങ്ങളുടെ കാലാവധി തീരുന്ന തീയതി വ്യക്തമല്ലയെന്നും ഈ ഭക്ഷ്യ സാധനങ്ങൾ വളരെ മോശമായ രീതിയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നും ഇതിൽ പുഴു കേറാനും മറ്റും സാധ്യത വളരെ കൂടുതലുമാണെന്ന് ടി സിദ്ധിഖ് എം എൽ എ പറഞ്ഞു.