ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശികളായ യാസീൻ (22), അൽത്താഫ് (22) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നബീൽ എന്ന വിദ്യാർഥി പരിക്കുകളോടെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചിത്രദുർഗ എസ്.ജെ.എം. നഴ്സിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും. രാത്രിയിൽ ഭക്ഷണം കഴിച്ച് തിരികെ പോകുന്നതിനിടെ ചിത്രദുർഗ ജെ.സി.ആർ. എക്സ്റ്റൻഷനു സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.