അടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കേവലം മാസങ്ങളുടെത് മാത്രമാണ്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതിവേഗത്തിൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പായിരിക്കും സംജാതമാവുക. മുന്നണികളും പാർട്ടികളും ഇപ്പോഴേ പ്രവർത്തനങ്ങളുമായി സജീവമായി കഴിഞ്ഞിരിക്കുന്നു. പൊതുവേ എല്ലാ കാലത്തും യുഡിഎഫിന് ഒപ്പം നിൽക്കാനുള്ള ജില്ലയാണ് എറണാകുളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം പ്രതീക്ഷിച്ചിരുന്ന യുഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു ലഭിച്ചത്. അതിന് തൊട്ടുമുൻപ് ലഭിച്ചിരുന്ന മണ്ഡലങ്ങൾ പോലും കൈവിട്ടുപോയി. ഇടതിനാകട്ടെ തുടർഭരണം ലഭിക്കുകയും ചെയ്തു. അപ്പോഴും എറണാകുളം ജില്ല യുഡിഎഫിന് ആശ്വാസം നല്കിയ ജില്ലകളിലൊന്നാണ്. 14 സീറ്റുകളുള്ള എറണാകുളം ജില്ലയില് മൊത്തം 9 സീറ്റുകള് യുഡിഎഫ് സ്വന്തമാക്കിയപ്പോള് കോണ്ഗ്രസ് നേടിയത് എട്ട് സീറ്റുകളാണ്. അഞ്ചു സീറ്റുകളിൽ മാത്രമാണ് ഇടത് സ്ഥാനാർത്ഥികൾക്ക് വിജയിക്കുവാൻ കഴിഞ്ഞത്.
മണ്ഡലങ്ങൾ വിശദമായി പരിശോധിച്ചാൽ എറണാകുളം മണ്ഡലം എല്ലാക്കാലത്തും കോൺഗ്രസിനൊപ്പം തന്നെ നിലകൊണ്ടിട്ടുള്ള മണ്ഡലമാണ്. തുടർച്ചയായി കെ വി തോമസ് എംഎൽഎയായി മത്സരിച്ചു വിജയിച്ചിരുന്ന മണ്ഡലത്തിൽ 2011ൽ പണ്ട് എംഎൽഎയായിരുന്ന ജോർജ് ഈഡന്റെ മകനും കെഎസ്യു സംസ്ഥാന പ്രസിഡന്റുമായിരുന്ന ഹൈബി ഈഡൻ കെ വി തോമസിന് പകരക്കാരനായി എത്തുകയായിരുന്നു. പിന്നീട് 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ ഹൈബി രാജിവച്ച് മത്സരിക്കുകയും തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ടി ജെ വിനോദ് വിജയിക്കുകയായിരുന്നു. 2021ലും ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിനോദ് തന്നെ മണ്ഡലം നിലനിർത്തുകയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിലും എറണാകുളം കോൺഗ്രസിന് 100% ഉറപ്പിക്കുവാൻ കഴിയുന്ന നിയമസഭാ മണ്ഡലം തന്നെയാണ്. എറണാകുളം മണ്ഡലത്തോട് ചേർന്ന് കിടക്കുന്ന മണ്ഡലമാണ് കൊച്ചി. സിപിഎമ്മിന്റെ കെ ജെ മാക്സിയാണ് നിലവിൽ എംഎൽഎ. 2016ലാണ് കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന മണ്ഡലം മാക്സിയിലൂടെ സിപിഎം തിരികെ പിടിക്കുന്നത്. നിലവിൽ സിപിഎം ആണെങ്കിലും അടുത്ത തവണ കൊച്ചിയിൽ കോൺഗ്രസ് അനായാസം വിജയിക്കുന്നതിനുള്ള സാധ്യതകൾ ആണുള്ളത്. കളമശ്ശേരിയും കൊച്ചിയും പരസ്പരം ലീഗും കോൺഗ്രസും വെച്ചു മാറുവാനുള്ള സാധ്യതകളും പറയപ്പെടുന്നുണ്ട്.
അങ്ങനെയാണെങ്കിലും ലീഗ് സ്ഥാനാർഥി മത്സരിച്ചാലും കൊച്ചിയിൽ വിജയം ഉറപ്പാണ്. ജനങ്ങൾക്കിടയിലുള്ള സ്വാധീനം മാക്സിക്ക് പഴയപോലെ ഇന്നില്ല. സർക്കാരിനെതിരായ ജനവികാരം കൂടിയാകുമ്പോൾ തിരിച്ചടി ഉറപ്പാണ്. കളമശ്ശേരി നിയോജക മണ്ഡലത്തിലേക്ക് വന്നാൽ നിലവിൽ സിപിഎം നേതാവ് പി രാജീവാണ് എംഎൽഎ. ലീഗിന്റെ കൈവശമുണ്ടായിരുന്ന കളമശ്ശേരി തിരിച്ചുപിടിക്കുന്നത് 2021ലാണ്. ലീഗിൽ നിന്നും മണ്ഡലം കോൺഗ്രസ് ഏറ്റെടുത്താൽ നിലവിലെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസോ, കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബോ ആയിരിക്കും സ്ഥാനാർഥി. ആലുവ മണ്ഡലത്തിലേക്ക് വന്നാൽ നിലവിലെ എംഎൽഎ അൻവർ സാദത്തിനോട് ആളുകൾക്ക് വലിയ താല്പര്യം ഒന്നുമില്ല. എന്നിരുന്നാലും ആലുവ കോൺഗ്രസിന്റെ ഉറച്ച മണ്ഡലമാണ്. അതുകൊണ്ടുതന്നെ അവിടെ മറ്റ് അത്ഭുതങ്ങൾക്കൊന്നും സാധ്യതയില്ല. കഴിഞ്ഞ രണ്ടുതവണയായി ഇവർ സാദത്ത് തന്നെയാണ് ആലുവയിലെ എംഎൽഎ. അടുത്ത തവണയും മറ്റൊരു പേര് അവിടെ ഉയർന്നു വരാൻ സാധ്യതയില്ല. പെരുമ്പാവൂർ മണ്ഡലം പരിഗണിച്ചാൽ നിലവിൽ കോൺഗ്രസിന്റെ എൽദോസ് കുന്നപ്പള്ളി ആണ് എംഎൽഎ. ഒട്ടേറെ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എൽദോസിന് വീണ്ടും വോട്ട് കിട്ടുന്നതിനുള്ള സാധ്യത കുറവാണ്. എൽദോസ് തന്നെ വാശിപിടിച്ച് മണ്ഡലത്തിൽ നിന്നും വീണ്ടും മത്സരിച്ചാൽ പരാജയം ഉറപ്പാണ്.
എൽദോസിനെ മാറ്റി കോൺഗ്രസിൽ നിന്നും മറ്റാരെങ്കിലും മത്സരിച്ചാൽ മണ്ഡലം നിലനിർത്താനാകും. എഐസിസി അംഗവും വീക്ഷണം മാനേജിംഗ് ഡയറക്ടറുമായ അഡ്വ. ജയ്സൺ ജോസഫിന്റെ പേരാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. കോതമംഗലം മണ്ഡലം പരിശോധിച്ചാൽ നിലവിൽ സിപിഎമ്മിന്റെ ആന്റണി ജോൺ ആണ് എംഎൽഎ. കോൺഗ്രസിനെ കൃത്യമായ സംഘടനാ സംവിധാനമുള്ള എറണാകുളം ജില്ലയിലെ ഒരു മണ്ഡലമാണ് കോതമംഗലം. കേരള കോൺഗ്രസ് തുടർച്ചയായി മത്സരിക്കുന്നത് കൊണ്ടുമാത്രമാണ് അവിടെനിന്നും സിപിഎമ്മിന് ജയിച്ചു കയറാൻ ആകുന്നത്. യുഡിഎഫിന്റെ സ്ഥിരം സ്ഥാനാർത്ഥിയായ ഷിബു തെക്കുംപുറത്തിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത പൊതുവേ കുറവാണ്. അബിൻ വർക്കിയെ പോലെയുള്ള യൂത്ത് കോൺഗ്രസിന്റെ പുലിക്കുട്ടികളെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. കോൺഗ്രസ് ഏറെക്കുറെ കേരള കോൺഗ്രസുമായി മണ്ഡലം തിരിച്ചുപിടിക്കുന്നതിനുള്ള ധാരണകളും ആയിട്ടുണ്ട്. പിറവം മണ്ഡലത്തിലേക്ക് വന്നാൽ കാലങ്ങളോളം ടി എം ജേക്കബ് നയിച്ച മണ്ഡലം ഇപ്പോൾ മകനായ അനൂപ് ജേക്കബ് ആണ് പ്രതിനിധീകരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിലും അവിടെ മറ്റ് അത്ഭുതങ്ങൾക്ക് ഇടയില്ല. മൂവാറ്റുപുഴയിലേക്ക് വന്നാൽ സിപിഐയുടെ കൈവശമുണ്ടായിരുന്ന കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ അട്ടിമറി വിജയം നേടുകയായിരുന്നു. രാഷ്ട്രീയത്തിനപ്പുറം എല്ലാവരുടെയും സ്വീകാര്യത ആർജ്ജിച്ചെടുക്കുവാൻ ഈ കാലയളവുകളിൽ എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
അടുത്ത തെരഞ്ഞെടുപ്പിൽ അത് ഗുണകരമായി കോൺഗ്രസിന് പ്രതിഫലിക്കുകയും ചെയ്യും. വൈപ്പിൻ മണ്ഡലം പരിശോധിക്കുകയാണെങ്കിൽ തുടർച്ചയായി സിപിഎമ്മാണ് വിജയിച്ചു വരുന്നത്. കെ എൻ ഉണ്ണികൃഷ്ണനാണ് നിലവിലെ എംഎൽഎ. വൈപ്പിനിൽ കോൺഗ്രസ് വിജയിച്ചു വരിക എന്നത് അത്ര എളുപ്പമല്ല. സിപിഎം തന്നെ മണ്ഡലം നിലനിർത്തുവാനാണ് സാധ്യത. അങ്കമാലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കോൺഗ്രസിന്റെ യുവനേതാവായ റോജി എം ജോൺ ആണ്. മികച്ച ജനപ്രതിനിധി എന്ന നിലയിൽ വളരെയധികം ശ്രദ്ധേയനാണ് അദ്ദേഹം. അടുത്ത തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കുന്നതിനാണ് സാധ്യത. പറവൂർ മണ്ഡലത്തിൽ നിന്നും ഇപ്പോൾ നിയമസഭയിൽ ഉള്ളത് പ്രതിപക്ഷ നേതാവ് സാക്ഷാൽ വി ഡി സതീശൻ ആണ്. ഒരുപക്ഷേ കോൺഗ്രസിൽ നിന്നും അടുത്ത തവണ മുഖ്യമന്ത്രി ആകുവാൻ വരെ സാധ്യത സതീശൻ ഉണ്ട്. സതീശൻ തന്നെ പറവൂരിന്റെ ജനപ്രതിനിധിയായി തുടരുവാനാണ് സാധ്യതകൾ ഏറെയും. കുന്നത്തുനാട് മണ്ഡലത്തിൽ അടുത്ത തെരഞ്ഞെടുപ്പ് ഏറെ വാശി ഉള്ളതാകും. കോൺഗ്രസും സിപിഎമ്മും ട്വന്റി 20ഉം പരസ്പരം കടുത്ത പോരാട്ടമാകും ഇവിടെ നടക്കുക. മുൻപ് എംഎൽഎയും ഇപ്പോൾ കെപിസിസി വൈസ് പ്രസിഡണ്ടുമായ ബിപി സജീന്ദ്രനെ തന്നെ രംഗത്തിറക്കുവാൻ ആകും കോൺഗ്രസിന്റെ ആലോചന. ട്വന്റി 20 മികച്ചൊരു സ്ഥാനാർത്ഥിയെ നിർത്തിയാൽ വിജയിക്കുവാനുള്ള സാഹചര്യവും സാധ്യതയും ഉണ്ടെന്ന് രാഷ്ട്രീയ നിരീഷകർ ചൂണ്ടിക്കാട്ടുന്നു. ട്വന്റി 20 യ്ക്ക് മണ്ഡലത്തിൽ ഒരു അഴിമതി വിരുദ്ധ മുഖമുണ്ട്.
അതിനൊപ്പം വികസന പ്രവർത്തനങ്ങൾ കൂടിയാകുമ്പോൾ വിജയം സുനിശ്ചിതവുമായേക്കാം. തൃപ്പൂണിത്തുറ മണ്ഡലത്തിൽ കെ ബാബുവിനെ ജനങ്ങൾ ഏറെക്കുറെ വെറുത്ത മട്ടാണ്. ബാബുവിന് പകരം പിഷാരടി മത്സരിക്കുന്നതിനുള്ള സാധ്യതകൾ പലരും പങ്കുവെക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ യുഡിഎഫ് വിജയം എളുപ്പമാകും. അന്തരിച്ച മുൻ എംഎൽഎ പി ടി തോമസിന്റെ പേരിൽ ശ്രദ്ധേയമായ മണ്ഡലമായിരുന്നു തൃക്കാക്കര. നിലവിൽ അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ഉമ തോമസ് ആണ് തൃക്കാക്കരയുടെ എംഎൽഎ. യുഡിഎഫിനും കോൺഗ്രസിനും ആഴത്തിൽ വേരുള്ള മണ്ഡലമാണ് തൃക്കാക്കര. 2026ലും തൃക്കാക്കര മറ്റൊരിടത്തേക്കും ചായുവാൻ സാധ്യതയില്ല. പലതരത്തിലുള്ള വിലയിരുത്തലുകളെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിൽ 12 ഇടങ്ങളിലും യുഡിഎഫ് തന്നെ വിജയിക്കുവാനാണ് സാധ്യത. ഈ 12ൽ 11ഉം കോൺഗ്രസ്സുകാർ തന്നെയും ആകും. വൈപ്പിൻ മാത്രമാകും സിപിഎമ്മിന് നിലനിർത്തുവാൻ കഴിയുന്ന ഏക മണ്ഡലം. കുന്നത്തുനാട് ആകട്ടെ സിപിഎമ്മിൽ നിന്നും ട്വന്റി 20 നേടുകയും ചെയ്യും. അതായത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഉറച്ച കോട്ടയായി തന്നെ എറണാകുളം നിലനിൽക്കും. കോൺഗ്രസിന് പുറമേ മുസ്ലിം ലീഗും മാണി സി കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാർട്ടിയും എറണാകുളത്ത് ശക്തമാണ്. അവരെല്ലാം തെരഞ്ഞെടുപ്പിന് കാലങ്ങൾക്ക് മുമ്പേ പ്രവർത്തനവും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.