കലൂരിൽ നടന്ന നൃത്ത പരിപാടിയുടെ ഇവന്റ് മാനേജർ കസ്റ്റഡിയിൽ. ഓസ്കാർ ഇവന്റിന്റെ മാനേജർ കൃഷ്ണകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പരിപാടി സംഘടിപ്പിച്ചതിൽ രാവിലെയാണ് കേസെടുത്തത്. തുടർന്നായിരുന്നു അറസ്റ്റ്. അതേസമയം, സംഘാടകരുടെ വീഴ്ചകൾ കൂടുതൽ പുറത്തേക്ക് വരികയാണ്. സ്റ്റേജ് അനുമതിയില്ലാതെ ആയിരുന്നുവെന്ന് ജിസിഡിഎ വ്യക്തമാക്കി. ഐഎസ്എൽ മത്സരങ്ങൾ നടക്കുമ്പോഴുള്ള അതേ സ്റ്റേജ് പിന്തുടരുമെന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത്. അപകടം നടന്ന ശേഷവും പരിപാടികൾ തുടർന്നു. അപകടത്തിന്റെ അടിസ്ഥാന കാരണം സംഘാടനത്തിലെ വീഴ്ചയാണ്. വിഐപി ഗ്യാലറിയിൽ ബാരിക്കേഡ് ഇല്ലായിരുന്നുവെന്നും കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കുമെന്നും ജിസിഡിഎ അറിയിച്ചു.
അതേസമയം, ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തലയോട്ടിയിലെ മുറിവുകൾ തുന്നിക്കെട്ടി. ആന്തരിക രക്തസ്രാവം ഇപ്പോഴില്ല. രക്തസമ്മർദ്ദം ഇപ്പോൾ സാധാരണ നിലയിലാണ്. ശ്വാസകോശത്തിൽ ചതവുണ്ട്. ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ലോക റെക്കോഡ് ലക്ഷ്യമിട്ടു 12,000 നർത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ വേദിയിലിരിക്കെയാണ് അപകടം. ഗ്യാലറിയിൽ നിൽക്കുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. 10 അടിയോളം ഉയരത്തിലുള്ള വിഐപി പവലിയനിൽ നിന്നാണ് എംഎൽഎ വീണത്. മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ ഗ്യാലറിയിലുണ്ടായിരുന്നു.