കലൂരിലെ കഴിഞ്ഞദിവസം നടന്ന പരിപാടിക്ക് ഇടയിൽ ഉമ തോമസ് എംഎൽഎയ്ക്ക് അപകടം പറ്റിയതിന് പിന്നാലെ പരിപാടിയുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചയും സാമ്പത്തിക ഇടപാടുകളും ആണ് ഇപ്പോഴത്തെ ചർച്ചാവിഷയം. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. സംഘാടകർക്ക് സ്റ്റേഡിയം ഉപയോഗിക്കാൻ മാത്രമാണ് അനുമതി നൽകിയിരുന്നത്. സ്റ്റേജ് ഉൾപ്പെടെയുള്ള അധിക നിർമ്മാണത്തിന് സംഘാടകർ അനുമതി തേടിയിരുന്നില്ലെന്ന് കരാറിലും വ്യക്തമാണ്. സംഭവത്തിൽ ‘മൃദംഗനാദം’ പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഓസ്കാർ ഇവന്റ് മാനേജ്മെന്റ് ഉടമ കൃഷ്ണകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. ഉറപ്പുള്ള ബാരിക്കേറ്റുകൾ സ്ഥാപിക്കുകഎന്ന പ്രാഥമിക സുരക്ഷ നടപടി പോലും സംഘാടകർ സ്വീകരിച്ചില്ലെന്ന് ഫയർഫോഴ്സ് റിപ്പോർട്ടിലുണ്ട്.
അപകട സ്ഥലത്ത് ജിസിഡിഎ എൻജിനീയർമാരും ഫോറൻസിക് വിഭാഗവും പൊലീസും പരിശോധന നടത്തിയിരുന്നു. മന്ത്രിയടക്കം പങ്കെടുത്ത പരിപാടിയിലുണ്ടായതു ഗുരുതര സുരക്ഷാവീഴ്ചയാണ് ഉണ്ടായത്. വിഐപി ഗാലറിയിലെ 13 വരി കസേരകൾക്കു മുകളിൽ രണ്ടു തട്ടുകളിലായി കെട്ടി ഉയർത്തിയ താൽക്കാലിക വേദിയിലാണു പരിപാടി നടന്നത്. ഗാലറിയുടെ ഇരുമ്പു കൈവരിക്കും മുകളിലായാണു വേദി നിർമിച്ചിരുന്നത്. വേദിയുടെ മുന്നിൽ കൈവരിക്കു പകരം ‘ക്യൂ മാനേജർ’ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മന്ത്രിയടക്കമുള്ള വിശിഷ്ടാതിഥികളെ അഭിവാദ്യം ചെയ്തശേഷം ഉമ തോമസ് മുന്നോട്ടു നടക്കുന്നതിനിടെ ക്യൂ മാനേജറിന്റെ കുറ്റിയിൽ പിടിക്കുകയായിരുന്നു. നിലതെറ്റി മൂന്നു കുറ്റികളും നാടയുമുൾപ്പെടെ താഴേക്കു പതിച്ചു. താഴെ ഗ്രൗണ്ടിലേക്കു കടക്കാനുള്ള പ്രവേശനദ്വാരത്തിൽ പാകിയിരുന്ന കോൺക്രീറ്റ് സ്ലാബിൽ തലയടിച്ചാണു വീണത്. അപ്പോൾ തന്നെ ബോധം മറഞ്ഞു. എംഎൽഎയെ ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ നടന്നത് ആരോപണവും ഇപ്പോൾ ഉയരുന്നുണ്ട്. പരിപാടിയിൽ പങ്കെടുത്തത് 5100 രൂപ നൽകിയാണെന്ന് ഒരു നർത്തകി വെളിപ്പെടുത്തിയിരുന്നു. രജിസ്ട്രേഷൻ ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയും നൽകി. പട്ടുസാരി നൽകുമെന്നാണ് പറഞ്ഞതെങ്കിലും കിട്ടിയത് സാധാരണ കോട്ടൺ സാരിയാണ്. ഭക്ഷണം, താമസം, മേക്കപ്പ് എല്ലാം സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്താണ് ചെയ്തത്. ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും എന്നാൽ സംഘാടനത്തിൽ പിഴവ് ബോധ്യപ്പെട്ടത് ഉമ തോമസിന് പരുക്കേറ്റപ്പോഴാണെന്ന് പറഞ്ഞ നർത്തകി പിന്നീട് പരിപാടിയിൽ പങ്കെടുത്തില്ലെന്നും പ്രതികരിച്ചിരുന്നു. താൻ മുൻപും റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊന്നും ഇത്രയധികം പണം ആവശ്യപ്പെട്ടിരുന്നില്ല. ഇതിലേക്ക് കൂടുതൽ നർത്തകരെ പങ്കെടുപ്പിക്കുന്ന നൃത്ത അധ്യാപകർക്ക് ഗോൾഡ് കോയിൻ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
നൃത്താധ്യാപകർ കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ എത്തിച്ചത് ഇങ്ങനെയാണെന്നും അവർ പറയുകയുണ്ടായി. ഇതിനിടെ കൊച്ചിയിലെ തന്നെ ഒരു പ്രമുഖ സ്ഥാപനം പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് വസ്ത്രം കുറഞ്ഞ വിലയിൽ സ്പോൺസർ ചെയ്തതായും പറയപ്പെടുന്നു. മൃദംഗനാദം എന്ന പേരിൽ പ്രശസ്ത നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് നൃത്ത പരിപാടി സംഘടിപ്പിച്ചത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ കേരളത്തിന് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നടക്കം നർത്തകർ പങ്കെടുത്തിരുന്നു. മൃദംഗനാദത്തിൽ പങ്കാളികളായ ഗുരുക്കന്മാരുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച് വന്ന 12000 നർത്തകരാണ് നൃത്തം ചെയ്തത്. ഒരു മാസത്തോളം നീണ്ട പരിശീലനത്തിന് ഒടുവിലാണ് ഇന്നലെ പരിപാടിയിൽ നർത്തകർ പങ്കെടുത്തത്. ചലച്ചിത്ര, സീരിയൽ താരങ്ങളായ ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും അവരുടെ ശിഷ്യരും മൃദംഗനാദത്തിൽ പങ്കാളികളായിരുന്നു.