ബെംഗളൂരു: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിനെ ശക്തമായി വിമര്ശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഇത് നിരാശാജനകമാണെന്നും കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും കേന്ദ്ര ബജറ്റ് കർണാടകക്ക് ഒന്നും തന്നെ നൽകിയില്ലെന്നും അദ്ധഹം പറഞ്ഞു.
ബജറ്റിന് മുന്നോടിയായി നടത്തിയ ചർച്ചയിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കാൻ സംസ്ഥാന റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയെ അയച്ചിരുന്നു, സംസ്ഥാനത്തിനു വേണ്ടി നിരവധി ആവശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. എന്നാൽ ഒന്നുപോലും പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും കൂടുതൽ നികുതി നൽകുന്ന സംസ്ഥാനം കര്ണാടകയായിട്ടും, ബിഹാറിന് കൂടുതൽ ഫണ്ട് അനുവദിച്ചെന്നും ആന്ധ്രാപ്രദേശിന് രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമായി അധിക വിഹിതം ലഭിച്ചെന്നും സിദ്ധരാമയ കുറ്റപ്പെടുത്തി.മേക്കെദാട്ടു, ഭദ്ര അപ്പർ ബാങ്ക്, മഹാദായി, കൃഷ്ണ അപ്പർ ബാങ്ക് തുടങ്ങിയ നിർണായക ജലസേചന പദ്ധതികൾക്കായി കേന്ദ്ര സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നിനും ഫണ്ട് അനുവദിച്ചില്ല.
കഴിഞ്ഞ ബജറ്റിൽ ഭദ്ര അപ്പർ ബാങ്ക് പദ്ധതിക്ക് 5300 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ ആരോപിച്ചു. രാജ്യത്തെ എയിംസ് ആശുപത്രികളുടെ വികസന പദ്ധതിയിൽ റായ്ച്ചൂരിനെ ഉൾപ്പെടുത്തിയില്ലെന്നതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. നഗര മേഖലയിലെ ഭവനനിർമാണത്തിന് 1.5 ലക്ഷം രൂപയാണ് കേന്ദ്രം നൽകുന്നത്. ഇതിനെ അഞ്ചു ലക്ഷം രൂപയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചില്ല. ഗ്രാമപ്രദേശങ്ങൾക്കായി ഈ തുക മൂന്നുലക്ഷമാക്കി വർധിപ്പിക്കണമെന്ന ആവശ്യവും നിരസിക്കപ്പെട്ടു. ഇതിനൊപ്പം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയുടെ വാർഷിക ഫണ്ടിംഗ് 86,000 കോടിയായി കുറഞ്ഞതും അദ്ദേഹം കൂട്ടിച്ചേർത്തു.