ഗുജറാത്തില്‍ ആശങ്ക ഉയര്‍ത്തി അജ്ഞാത രോഗം പടരുന്നു. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ലഖ്പതിലാണ് രോഗം പടരുന്നത്. നിലവില്‍ രോഗം ബാധിച്ച് 15 പേര് മരണപ്പെട്ടു. കഴിഞ്ഞ 8 ദിവസത്തിനിടെയാണ് 15 മരണങ്ങളും സംഭവിച്ചിരിക്കുന്നത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടും. പനിയ്ക്ക് സമാനമായ രീതിയിലാണ് രോഗം പടരുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും രോഗത്തിന്റെ കാരണമോ ഉറവിടമോ കണ്ടെത്താന്‍ കഴിയാത്തത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
രോഗം ബാധിച്ച് മരിച്ച 11 പേരുടെ സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്നും ഇതോടെ ഏത് തരം വൈറസാണ് രോഗത്തിന് കാരണമായതെന്ന് കണ്ടെത്താനാകുമെന്നും ജില്ലാ കളക്ടര്‍ അമിത് അരോറ അറിയിച്ചു.രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ 22 സര്‍വൈലന്‍സ് ടീമിനെയും കൂടുതല്‍ ഡോക്ടര്‍മാരെയും ലഖ്പത് മേഖലയില്‍ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.