അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപും ഒപ്പത്തിനൊപ്പം. വൈറ്റ് ഹൗസിലേക്കുള്ള യാത്രയ്ക്ക് ഇരുവരും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് വിവിധ അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്. നവംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുന്നത്.
പല സംസ്ഥാനങ്ങളിലും മുന്‍കൂര്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. ഇതിനോടകം മൂന്ന് കോടിയിലേറെപ്പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പ്രസിഡന്റ് ജോ ബൈഡന് ഡെലാവെയറില്‍ മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തി. കമല വിശ്വാസ്യതയുള്ള നേതാവാണെന്നും ട്രംപിനേക്കാള്‍ പരിചയസമ്പത്ത് ഉണ്ടെന്നും ബൈഡന് പറഞ്ഞു.

കഴിഞ്ഞ ദിവസം ഡോണള്‍ഡ് ട്രംപിന്റെ റാലിക്കിടെ ഉണ്ടായ ചില പരാമര്‍ശങ്ങള്‍ വിവാദത്തിലായിരിക്കുകയാണ്. ന്യുയോര്‍ക്കിലെ മാഡിസണ്‍ ചത്വരത്തില്‍ ഞായറാഴ്ച നടന്ന റാലിയില്‍ വംശീയ വിദ്വേഷവും സാംസ്കാരിക വിരുദ്ധവുമായ പരാമര്‍ശങ്ങളാണ് പലരും നടത്തിയത്. പ്യൂര്‍ട്ടോറിക്കയെ മാലിന്യ ദ്വീപെന്നാണ് സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ ടോണി ഹിഞ്ച്ക്ലിഫ് വിശേഷിപ്പിച്ചത്.
ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ ചെകുത്താനെന്നും ക്രൈസ്തവ വിരുദ്ധയെന്നുമാണ് ട്രംപിന്റെ ബാല്യകാല സുഹൃത്തായ ഡേവിഡ് റം വിളിച്ചത്. വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രചരണച്ചൂടേറുമ്പോള് എല്ലാ അതിരുകളും ലംഘിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.

അറ്റ്ലാന്റ ജോര്‍ജിയ സംസ്ഥാനങ്ങളിലെ പ്രചരണത്തിനിടെ ട്രംപ് കമല ഹാരിസിനെയും മിഷേല്‍ ഒബാമയേയും വിമര്‍ശിച്ചു. ഫാസിസ്റ്റ് എന്ന കമലയുടെ പരാമര്‍ശത്തിന് താന്‍ ഫാസിസ്റ്റ് അല്ലെന്നും നാസികള്‍ക്ക് എതിരാണെന്നും ട്രംപ് പറഞ്ഞു. കമലയുടെ ഏറ്റവും പുതിയ പ്രചരണം തനിക്ക് വോട്ട് ചെയ്യാത്തവരെല്ലാം നാസികളാണ് എന്നാണെന്നും ട്രംപ് കുറ്റപ്പെടുത്തി.