ന്യൂയോര്‍ക്ക്: ലോകം ഉറ്റുനോക്കുന്ന യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലം. നിര്‍ണായക സംസ്ഥാനങ്ങളായ ഇന്‍ഡ്യാന, വെസ്റ്റ് വിര്‍ജീനിയ, കെന്റക്കി എന്നീ സംസ്ഥാനങ്ങളില്‍ ട്രംപ് വിജയിച്ചു. സ്വിങ്ങ് സ്റ്റേറ്റായ ജോര്‍ജ്ജിയയിലും ട്രംപിന് മുന്നേറ്റമെന്നാണ് റിപ്പോര്‍ട്ട്.
11 ഇലക്ടറല്‍ വോട്ടുകളുള്ള ഇന്‍ഡ്യാനയില്‍, ബാലറ്റുകള്‍ എണ്ണുമ്പോള്‍ ട്രംപിന് 61.9% വോട്ടുകള്‍ ലഭിച്ചു. 2020നേക്കാള്‍ ഇവിടം ട്രംപ് പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തു.
8 ഇലക്ടറല്‍ വോട്ടുകളുള്ള കെന്റക്കിയിലും 60 ശതമാനത്തിലധികം വോട്ടുകള്‍ നേടി ട്രംപ് തന്നെയാണ് മുന്നേറുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം 10 സംസ്ഥാനങ്ങളില്‍ ട്രംപ് വിജയിച്ചു.
അതേസമയം വലിയ വിജയപ്രതീക്ഷയില്‍ പ്രചാരണത്തില്‍ സജീവമായ കമല ഹാരിസിന് കാലിടറുന്ന കാഴ്ചയാണ് ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ കാണുന്നത്. 7 സംസ്ഥാനങ്ങളിലാണ് നിലവില്‍ കമലയ്ക്ക് വിജയം നേടാന്‍ കഴിഞ്ഞത്.
3 ഇലക്ടറല്‍ വോട്ടുകളുള്ള വെര്‍മോണ്ട് സംസ്ഥാനത്ത് കമല ഹാരിസിനാണ് ജയം. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബൈഡന് നേടിയതിനേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ മാത്രമേ കമലയ്ക്ക് ഇവിടെ നേടാനായുള്ളൂ.