വാഷിങ്ടണ്‍: യുക്രൈനുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ച് അമേരിക്ക. ട്രംപ് – സെലൻസ്കി കൂടിക്കാഴ്ചയ്ക്കിടയിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് അമേരിക്കയുടെ നിർണായക തീരുമാനം. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ അമേരിക്ക യുക്രൈന് സാമ്പത്തിക – ആയുധ സഹായം നൽകില്ല. പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടായാൽ മാത്രമേ ഇനി ഒരു സഹായം ഉണ്ടാകൂ എന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. യുദ്ധം അവസാനിഒപ്പിച്ചാൽ മാത്രമേ ഇനി സഹായം ഉണ്ടാകൂ എന്നാണ് അമേരിക്കയുടെ നിലപാട്.
സെലൻസ്കിയെ സമ്മർദത്തിലാക്കി കൊണ്ടാണ് അമേരിക്കയുടെ പുതിയ നീക്കം. എന്നാൽ യുക്രൈനിലെ ധാതു വിഭവങ്ങൾ സംബന്ധിച്ച് അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ തയ്യാറാണെന്ന് സെലൻസ്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുഎസുമായി സമാധാനപരമായ ഒരു ചർച്ചയ്ക്ക് ഇപ്പോഴും തയ്യാറാണ്. എന്നാൽ യുക്രൈന്റെ നിലപാട് കേൾക്കാൻ തയ്യാറാകണം എന്നാണ് തന്റെ ആഗ്രഹമെന്ന് സെലൻസ്കി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.