ന്യൂയോര്‍ക്ക്: യു. എസ് തെരഞ്ഞെടുപ്പില്‍ ട്രംപിൻറെ വിജയത്തിന് പിന്നാലെ മൈക്രോ ബ്ലോഗിംഗ് സര്‍വീസായ എക്സ് ഉപേക്ഷിച്ച് നിരവധി യൂസര്‍മാര്‍. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എക്സ് ഉപേക്ഷിക്കുന്ന ട്രെന്റിന് തുടക്കമായത്. എക്സ് ഉപേക്ഷിച്ച ഉപയോക്താക്കൾ പകരമായി തെരഞ്ഞെടുക്കുന്നത് മീഡിയ സ്റ്റാര്‍ട്ട്അപ്പായ ബ്ലൂസ്കൈ ആണ്.
ഇതോടെ സോഷ്യല്‍ മീഡിയ സ്റ്റാര്‍ട്ട്അപ്പായ ബ്ലൂസ്കൈക്ക് ലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് 2.5 മില്യണ്‍ ഉപയോക്താക്കളെ ബ്ലൂസ്കൈക്ക് ലഭിച്ചു. ഒരു ദിവസം കൊണ്ട് മാത്രം 10 ലക്ഷം പുതിയ യൂസര്‍മാരെ ചേര്‍ക്കാനുള്ള പാതയിലാണ് ബ്ലൂസ്കൈ. ഇത് മെറ്റയുടെ മൈക്രോ ബ്ലോഗിംഗ് സര്‍വീസായ ത്രഡ്സിനും വെല്ലുവിളിയായേക്കാം.