കൊച്ചി : മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതിപ്പട്ടികയിൽ വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉടന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയെയും മകളേയും സംരക്ഷിക്കാൻ സിപിഎം നേതാക്കൾ മത്സരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി . എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾക്ക് പറയാനുള്ള കാര്യങ്ങൾ കൂടി കേട്ടശേഷമാണ് അവരെപ്രതിപ്പട്ടികയിൽ ചേർത്തതെന്നും ഈ സാഹചര്യത്തിൽ അധികാരത്തിലിരിക്കാൻ മുഖ്യമന്ത്രിക്ക് ഒരു ധാര്‍മ്മികമായ അർഹതയില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
യാതൊരു സേവനവും ചെയ്യാതെയാണ് എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് രണ്ടു കോടി 70 ലക്ഷം രൂപ വന്നു എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത് എന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നേരെത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തെത്തിയിരുന്നു. കൂടാതെ ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ മണ്ഡലം തലത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും.