തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ച പാര്‍ട്ടി മുഖപത്രം വീക്ഷണത്തിന്റെ മുഖപ്രസംഗം തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യാന്‍ യു.ഡി.എഫ്. ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സതീശന് പറഞ്ഞു.
ഇക്കാര്യം കോണ്‍ഗ്രസോ യു.ഡി.എഫോ ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തകരും നേതാക്കളും കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു വിഷയം യു.ഡി.എഫിന് മുന്നിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പോലീസിന്റെ നടപടികളേയും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. പെണ്‍കുട്ടിക്ക് നേരെ വധശ്രമമുണ്ടായിട്ടും പരാതി നല്കിയ പിതാവിനെ സി.ഐ പരിഹസിച്ചു. അന്നു തന്നെ സിറ്റി പോലീസ് കമ്മിഷണറെ വിളിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പിറ്റേന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ശേഷമാണ് കേസെടുത്തത്.
ഇത്രയും ക്രൂരമായ ആക്രമണം നടന്നിട്ടും പ്രതിയെ അറസ്റ്റു ചെയ്തില്ല. പ്രതി രക്ഷപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം പോലീസിനായിരിക്കും. പെണ്‍കുട്ടിക്കെതിരെ ഇത്രയും ക്രൂരമായ ആക്രമണമുണ്ടായിട്ടും നടപടി എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെയൊരു പോലീസെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി സ്ഥലത്തുണ്ടെങ്കിലും ഇതൊക്കെ തന്നെയാണ് സ്ഥിതി. യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയിട്ടും പ്രത്യേകിച്ച് ഒരു കാര്യവുമില്ല. നയാപൈസ കയ്യിലില്ലാത്ത അവസ്ഥയാണ്. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും കൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കി. എല്ലാ ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും സ്തംഭിച്ചു.
മുഖ്യമന്ത്രി മടങ്ങിയെത്തി വെറുതെ ആ കസേരയില്‍ മുകളിലേക്ക് നോക്കി ഇരിക്കാം എന്നതല്ലാതെ ഒന്നും ചെയ്യാനില്ല. അദ്ദേഹം രണ്ട് ദിവസം കൂടി അവിടെ നില്‍ക്കുന്നതായിരുന്നു നല്ലതെന്നും അദ്ദേഹം പരിഹസിച്ചു. ലഹരിമാഫിയാ സംഘങ്ങളും ഗുണ്ടാ സംഘങ്ങളുമാണ് സംസ്ഥാനം നിയന്ത്രിക്കുന്നത്. ഗുണ്ടകള്‍ക്കും ലഹരി മാഫിയാ സംഘങ്ങള്‍ക്കും സി.പി.എം രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കിയിരിക്കുകയാണ്.
അതാണ് അഴിഞ്ഞാടാന്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നത്. പോലീസിന്റെ കൈകാലുകള്‍ കെട്ടപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. വ്യാപകമായ ഗുണ്ടാ ആക്രമണങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള ഗുണ്ടാ ആക്രമണങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.