ആലപ്പുഴ: നെഹ്റു ട്രോഫി ഫലത്തിനെതിരെ ഹൈകോടതിയെ സമീപിക്കാനൊരുങ്ങി രണ്ടാം സ്ഥാനം ലഭിച്ച വീയപുരം ചുണ്ടൻ. കലക്ടർക്കും പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അർഹതപ്പട്ട ട്രോഫി തങ്ങൾക്ക് ലഭിക്കണം.
കാരിച്ചാലിന്റെ സമയം കുറച്ചു കാണിച്ചെന്നും സമയം നിർണയിക്കാനുള്ള ആധുനിക സംവിധാനങ്ങളൊന്നും ഇല്ലാത്തപ്പോൾ പിന്നെ എങ്ങനെയാണ് കൃത്യമായി സമയം നിശ്ചയിക്കുന്നതെന്നും വില്ലേജ് ബോട്ട് ക്ലബ് അധികൃതർ ചോദിച്ചു. എന്നാൽ അത്തരം ആശയക്കുഴപ്പങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് കാരിച്ചാൽ വ്യക്തമാക്കിയത്.
വള്ളംകളിയുടെ ഫലപ്രഖ്യാപനത്തെച്ചൊല്ലി തർക്കത്തിൽ 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വീയപുരം ചുണ്ടനിലെ തുഴച്ചില്‍ക്കാര്‍ ഉള്‍പ്പടെയുള്ളവർക്കെതിരെയാണ് കേസ്. ഫലപ്രഖ്യാപനം കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്കുള്ളിലാണ് തർക്കമുണ്ടായത്.
വിജയി കാരിച്ചാലോ വീയപുരമോ എന്നത് ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്താലാണ് കണ്ടെത്തിയതെന്നാണ് സംഘാടക സമിതി പറയുന്നത്. ഇക്കാര്യം തങ്ങൾക്ക് ബോധ്യപ്പെടണമെന്നും വിഡിയോ കാണണമെന്നും ആവശ്യപ്പെട്ട് ക്യാപ്റ്റന്റെ നേതൃത്വത്തിൽ തുഴച്ചിലുകാർ നെഹ്റു പവിലിയനിലേക്ക് എത്തി. തുഴച്ചിലുകാർ സംഘാടകരുമായി തർക്കിക്കവേ പവിലിയനിലെ ലൈറ്റുകൾ ഓഫ് ചെയ്തു. ഇരുട്ടായതോടെ പൊലീസുകാർ ലാത്തിച്ചാർജ് നടത്തുകയായിരുന്നു.
മത്സരം കഴിഞ്ഞപ്പോൾ വിജയി വീയപുരമോ കാരിച്ചാലോ എന്ന് പ്രവചിക്കാൻ കഴിയുമായിരുന്നില്ല. അഞ്ച് മിനിറ്റിനകം ഡിജിറ്റൽ ഉപകരണങ്ങളിലെ വിഡിയോ ദൃശ്യങ്ങൾ നോക്കിയാണ് കാരിച്ചാൽ അഞ്ച് മൈക്രോ സെക്കൻഡുകൾക്ക് മുന്നിലെത്തിയതിനാൽ വിജയിച്ചതായി പ്രഖ്യാപിച്ചത്.