തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന് 25 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്ന് അമ്മ ഷെമി . എന്നാൽ തനിക്ക് അതിൽ കൂടുതൽ ഉണ്ടായിരുന്നു എന്നും ഷെമി പറഞ്ഞു. അഫാൻ ലോൺ ആപ്പ് വഴിയായിരുന്നു കടം എടുത്തത് . അതിലേക്ക് ദിവസവും 2000 രൂപ അടയ്ക്കാറുള്ളതായും ഷെമി പറഞ്ഞു .
അതേസമയം അപകടം നടന്നതിനെ കുറിച്ച് ഷെമിക്ക് അവ്യക്തമായ ഓർമകളാണ് ഉള്ളത്. ഇളയമകനെ സ്കൂളിൽ അയച്ചതിന് ശേഷം മുറിയിലെത്തി സോഫയിൽ ഇരിക്കുമ്പോഴാണ് ഉമ്മ എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞ് പിന്നിൽ നിന്ന് ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയതെന്നും ഷെമി പറഞ്ഞു. അതിനും ശേഷം ഒന്നും ഓർമയില്ലെന്നും, പൊലീസ് വീടിന്റെ ജനൽ ചവിട്ടിപ്പൊളിക്കുമ്പോഴാണ് ബോധം വന്നതെന്നും ഷെമി വ്യക്തമാക്കി. ക്രൂരകൃത്യം നടന്നതിന്റെ തലേ ദിവസം ലോൺ ആപ്പ് വഴിയെടുത്ത ലോണിന്റെ ആളുകളും ബാങ്കുകാരും വിളിച്ചിരുന്നു. കൂടാതെ പണം കടം വാങ്ങാൻ ഒരു ബന്ധുവിന്റെ വീട്ടിൽ പോയിരുന്നെങ്കിലും പണം കിട്ടിയിരുന്നില്ലെന്നും ഷെമി പറഞ്ഞു.