ചണ്ഡീഗഢ് : ഗോദയിലെ വിജയം തെരഞ്ഞെടുപ്പിലും സാക്ഷാത്കരിച്ച് വിനേഷ് ഫോഗട്ട്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ നിന്നും 6,140 വോട്ടിനാണ് വിനേഷ് ഫോഗട്ടിന്റെ ജയം.
കഴിഞ്ഞകാലങ്ങളിൽ ചിതറിപ്പോയ ജാട്ട് സമുദായ വോട്ടുകൾ വിനേഷിലൂടെ തിരിച്ചുപിടിക്കാമെന്ന കോൺഗ്രസിന്റെ കണക്കുകൂട്ടലാണ് വിജയം കണ്ടത്.
ജാട്ട് ഹൃദയഭൂമിയിലെ പ്രധാന സീറ്റായ ജുലാന മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ കവിത ദലാലായിരുന്നു മുഖ്യ എതിരാളി. ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചത് യോഗേഷ് ബൈരാഗിയായിരുന്നു.
പാരിസ് ഒളിമ്പിക്സിൽ ഭാരക്കൂടുതൽ വിവാദത്തെ തുടർന്ന് ഗുസ്തി 50 കി.ഗ്രാം വിഭാഗത്തിൽ ഫൈനൽ മത്സരത്തിൽ അയോഗ്യയാക്കപ്പെടുകയും പിന്നീട് വിരമിക്കുകയുമായിരുന്നു വിനേഷ്. കോൺഗ്രസിൽ ചേർന്ന വിനേഷിന് ജുലാനയിൽ മത്സരിക്കാൻ കോൺഗ്രസ് ടിക്കറ്റ് നൽകുകയായിരുന്നു. 1972, 2000, 2005 വർഷങ്ങളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ 2009ലും 2014ലും ഇന്ത്യൻ നാഷനൽ ലോക്ദളാണ് (ഐ.എൻ.എൽ.ഡി) വിജയിച്ചത്.